അമ്പലവയൽ : അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് രണ്ടുമുതൽ നാലുവരെ ജില്ലയിൽ യെലോ ജാഗ്രത പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 65.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
തെക്കുപടിഞ്ഞാറൻ കാലവർഷം തുടങ്ങി രണ്ടുമാസം പിന്നിടുമ്പോൾ കേരളത്തിലാകെ മഴ കുറവാണ്. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ കണക്കുപ്രകാരം സംസ്ഥാനത്ത് ജൂൺ ഒന്നുമുതൽ ജൂലായ് 31 വരെ 23 ശതമാനം മഴ കുറഞ്ഞു. ഇക്കാലയളവിൽ വയനാട്ടിൽ 58 ശതമാനം മഴ കുറഞ്ഞു. വയനാട്ടിൽ 1719.5 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചിടത്ത് കിട്ടിയത് വെറും 719.4 മില്ലീമീറ്ററാണ്. കൂടുതൽ മഴപെയ്തത് വൈത്തിരി മേഖലയിലാണ്.
കഴിഞ്ഞദിവസം ജാഗ്രതാ നിർദേശമുണ്ടായിരുന്നെങ്കിലും കാര്യമായ മഴ പെയ്തില്ല. മഴലഭ്യതയിൽ കഴിഞ്ഞവർഷത്തെ അതേ സാഹചര്യം ആവർത്തിക്കുകയാണ്.
നീലഗിരിയിലും മഴ കനക്കുന്നു
ഗൂഡല്ലൂർ : നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ, പന്തല്ലൂർ, മസിനഗുഡി താലൂക്കുകളിൽ ശക്തമായ മഴ. മൂന്നുദിവസമായി ഈ പ്രദേശങ്ങളിൽ കനത്ത മഴയാണ്. ശക്തമായ മഴയിൽ ഊട്ടി റോഡിലുള്ള നടുവട്ടം ബസ് സ്റ്റാൻഡിനടുത്ത് മൺത്തിട്ട ഇടിഞ്ഞുവീണ് രണ്ടുവീടുകൾക്ക് കേടുപറ്റി. നടുവട്ടം പഞ്ചായത്ത് അധികൃതർ മണ്ണ് നീക്കംചെയ്തു. വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു.