ഗൂഡല്ലൂർ : ദേവർഷോല പഞ്ചായത്തിലെ പാടുന്തറയിൽ കാട്ടാനശല്യത്തിന് അറുതിയില്ല. കയമക്കൊല്ലിയിൽ ആദിവാസി കോളനിയിലെ രണ്ടുവീടുകൾ അക്രമിച്ച് തകർത്തതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെയും വീടുതകർത്തു. അമ്പലമൂലയിലെ വനാതിർത്തിയിലുള്ള ശിവശങ്കര(കണ്ണൻ)ന്റെ വീടാണ് കാട്ടാന രാവിലെ രണ്ടരയോടെ തകർത്തത്. അടുക്കളഭാഗം ഭാഗികമായി തകർത്ത കാട്ടാന, വാതിലും കുത്തിയുടച്ചു.

ശബ്ദം കേട്ടുണർന്ന വീട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാട്ടാനയെ തുരത്തിയത്. ശിവശങ്കരന്റെ പ്രായമായ അമ്മയും ചെറിയ കുട്ടികളുമുൾപ്പെടെയുള്ളവർ വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു. വീട്ടിനകത്തുള്ളവർ ഇരുട്ടിലേയ്ക്ക് ഇറങ്ങിയോടുകയായിരുന്നു. അർധരാത്രിയിൽ നിലവിളികേട്ട് ഓടിയെത്തിവരെ കണ്ടാണ് കാട്ടാന കാട്ടിലേയ്ക്ക് മറഞ്ഞത്.

ഒരുമാസത്തിനിടെ, കാട്ടാന അക്രമിച്ചു തകർക്കുന്ന കെട്ടിടങ്ങളുടെ എണ്ണം 16 ആയി. ഇതിൽ 12 വീടുകളാണ്. സംഭവമറിഞ്ഞ് ആർ.ഡി.ഒ. ശരവണ കണ്ണന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും വനപാലകരും സംഭവസ്ഥലത്തെത്തി.

കാട്ടാനശല്യത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്നും രണ്ടുദിവസത്തിനകം ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്നും രാത്രി തനിച്ച് പുറത്തിറങ്ങരുതെന്നും ആർ.ഡി.ഒ. നാട്ടുകാരോട് പറഞ്ഞു.