തൊണ്ടർനാട് : കുഞ്ഞോം കുങ്കിച്ചിറ പൈതൃക മ്യൂസിയവും നവീകരണം നടക്കുന്ന ചിറയും സംസ്ഥാന മ്യൂസിയം തുറമുഖം പുരാവസ്തു പുരാരേഖാവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. നിർമാണം പുരോഗമിക്കുന്ന മ്യൂസിയത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനാണ് സന്ദർശനം. 5.2 കോടിരൂപ മുതൽമുടക്കിൽ മ്യൂസിയം കെട്ടിടവും 1.5 കോടിരൂപ ചെലവിൽ ചിറയുടെ നവീകരണവും പൂർത്തിയായിട്ടുണ്ട്. ചിറ സൗന്ദര്യവത്കരണം, മ്യൂസിയത്തിലെ പ്രദർശനസജ്ജീകരണം എന്നിവ നടത്താനുണ്ട്. മ്യൂസിയത്തിന്റെ പൂർത്തീകരണവുമായി ബന്ധപ്പെട്ടും കരട് പദ്ധതിരേഖയെക്കുറിച്ചും മ്യൂസിയം അധികൃതരോട് മന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു. മ്യൂസിയത്തിന്റെ ഭൂമിസംബന്ധമായ വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിനായി കളക്ടർക്കും സബ് കളക്ടർക്കും നിർദേശം നൽകി. ഒ.ആർ. കേളു എം.എൽ.എ.യും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.