കല്പറ്റ : ജില്ലയിൽ ചൊവ്വാഴ്ച 206 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 205 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 12.63 ആണ് രോഗസ്ഥിരീകരണനിരക്ക്. 201 പേർ രോഗമുക്തിനേടി. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 132397 ആയി. 1745 പേരാണ് ചികിത്സയിലുള്ളത്. പുതുതായി എത്തിയ 1137 പേർ ഉൾപ്പെടെ ആകെ 12874 പേർ നിരീക്ഷണത്തിലുണ്ട്. ഇന്ന് 834 സാംപിളുകൾകൂടി പരിശോധനയ്ക്കയച്ചു.

രോഗം സ്ഥിരീകരിച്ചവർ

മാനന്തവാടി, മീനങ്ങാടി 16 വീതം, കണിയാമ്പറ്റ, തിരുനെല്ലി 15 വീതം, ബത്തേരി 13, മുട്ടിൽ, തവിഞ്ഞാൽ 12 വീതം, അമ്പലവയൽ 11, എടവക, കോട്ടത്തറ 10 വീതം, കല്പറ്റ, പൂതാടി ഒമ്പതുവീതം, പനമരം എട്ട്, മേപ്പാടി, വൈത്തിരി ഏഴുവീതം, മൂപ്പൈനാട്, പുല്പള്ളി, വെള്ളമുണ്ട അഞ്ചു വീതം, നെന്മേനി, പൊഴുതന നാലുവീതം, നൂൽപ്പുഴ മൂന്ന്, മുള്ളൻകൊല്ലി, പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി രണ്ടുവീതം, തൊണ്ടർനാട് ഒരാൾ. കോയമ്പത്തൂരിൽനിന്ന് വന്ന എടവക സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

കൺടെയ്ൻമെന്റ് സോൺ

വെങ്ങപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ 12-ാം വാർഡിലെ (ഹൈസ്കൂൾകുന്ന്) പീസ് വില്ലേജും 100 മീറ്റർ ചുറ്റളവിലുള്ള പ്രദേശവും മൈക്രോ കൺടെയ്ൻമെന്റ് സോണാക്കി. വാർഡിലെ മറ്റിടങ്ങളിലെ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കി.

സഹായധനത്തിന് അപേക്ഷിക്കാം

കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുവിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്നുളള സഹായധനം അനുവദിക്കുന്നതിന് അക്ഷയകേന്ദ്രങ്ങൾ മുഖേന www.covid19.kerala.gov.in എന്ന പോർട്ടൽവഴി അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം കോവിഡ് മരണ സർട്ടിഫിക്കറ്റ്, ബന്ധം തെളിയിക്കുന്ന രേഖകൾ, ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ തുടങ്ങിയ രേഖകൾ നൽകണം. കോവിഡ് ബാധിച്ച് മരിച്ചത് ഭാര്യയാണെങ്കിൽ ഭർത്താവിനും ഭർത്താവാണെങ്കിൽ ഭാര്യയ്ക്കും ആശ്രിതരായ മാതാപിതാക്കളുണ്ടെങ്കിൽ അവർക്കും തുല്യമായി സഹായധനം അനുവദിക്കും.

കുടുംബത്തിലെ മാതാപിതാക്കൾ രണ്ടുപേരും മരിച്ചാൽ മക്കൾക്ക് തുല്യമായി വീതിച്ചുനൽകും. ആശ്രിതരായ മാതാപിതാക്കളുണ്ടെങ്കിൽ അവർക്കും തുല്യമായി സഹായധനം അനുവദിക്കും. കോവിഡ് ബാധിച്ച് മരിച്ച വ്യക്തി വിവാഹം കഴിച്ചിട്ടില്ലെങ്കിലോ വിവാഹം കഴിച്ചവരാണെങ്കിൽ ഭാര്യ/ഭർത്താവ്/ മക്കൾ ജീവിച്ചിരിപ്പില്ലെങ്കിലോ മരിച്ച വ്യക്തിയുടെ മാതാപിതാക്കൾക്ക് തുല്യമായി വീതിച്ചുനൽകും.

കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മാതാപിതാക്കളും ഭാര്യയും ഭർത്താവും മക്കളും ജീവിച്ചിരിപ്പില്ലെങ്കിൽ മരിച്ച വ്യക്തിയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന സഹോദരങ്ങൾക്ക് സഹായധനം തുല്യമായി വീതിച്ചുനൽകും.