സുൽത്താൻബത്തേരി : കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് കർണാടകം ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് കർശനമാക്കിയതോടെ അതിർത്തി ചെക്‌പോസ്റ്റായ മൂലഹള്ളയിൽ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെയെത്തിയ ചരക്കുവാഹനങ്ങളടക്കമുള്ളവ കർണാടക ഉദ്യോഗസ്ഥർ അതിർത്തിയിൽ തടഞ്ഞതാണ് ഗതാഗതക്കുരുക്കിന് കാരണമായത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മൂലഹള്ളയിൽ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെയെത്തിയ ചരക്കുവാഹനങ്ങൾ ഒന്നിനുപിറകെ ഒന്നൊന്നായി തടഞ്ഞിട്ടത്തോടെ ഇതുവഴിയെത്തിയ സ്വകാര്യവാഹനങ്ങളും കുടുങ്ങി. ഇതിനിടെ, വാഹനങ്ങളുടെ നീണ്ടനിര മറികടന്ന് ചിലവാഹനങ്ങൾ കൂടിയെത്തിയതോടെ, ഇരുഭാഗത്തുനിന്നും വാഹനങ്ങൾ കടന്നുപോകാൻ കഴിയാതെയായി. മൂന്നു മണിക്കൂറോളമാണ് ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടത്. കെ.എസ്.ആർ.ടി.സി. ബസുകളും ഗതാഗതക്കുരുക്കിൽ അകപ്പെട്ടു.

വിവരമറിഞ്ഞ് ബത്തേരി പോലീസ് ഇൻസ്പെക്ടർ സി.വി. ബെന്നിയുടെ നേതൃത്വത്തിൽ പോലീസെത്തിയാണ് ഗതാഗതക്കുരുക്ക് പരിഹരിച്ചത്.

ബത്തേരി പോലീസ് കർണാടക അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്ന് ചരക്കുവാഹനങ്ങളിലെ ജീവനക്കാർ 15 ദിവസത്തിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് കാണിച്ചാൽ മതിയെന്ന് ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ മറ്റു യാത്രക്കാർ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.