സ്ത്രീകളുടെ കൂട്ടായ്മയില്‍ കുടംബശ്രീ ലോഗോയുടെ ആകൃതിയിലാണ് ലോകത്തെ ഏറ്റവും വലിയ പെണ്‍പൂവൊരുക്കുക. നാല് മണിക്ക് മാനന്തവാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ അയ്യായിരത്തോളം സ്ത്രീകളെ അണിനിരത്തിയാണ് പൂക്കള്‍ വിരിയിക്കുന്നത്.
മൂന്ന് മണിയോെട ജില്ലയിലെ വിവിധ സി.ഡി.എസുകളില്‍ നിന്നുള്ള സ്ത്രീകള്‍ ഗ്രൗണ്ടിലെത്തും. സാമ്പത്തിക, സാമൂഹിക, സ്ത്രീശാക്തീകരണം എന്നീ ആശയം പ്രകടമാക്കുന്ന മൂന്ന് പൂക്കളുള്ള കുടുംബശ്രീ ലോഗോയില്‍ സ്ത്രീകള്‍ അണിനിരക്കും. നീതം കാമ്പയിനിന്റെ ജില്ലാതല പരിപാടിയുടെ ഭാഗമായാണ് പെണ്‍പൂവൊരുക്കുന്നത്.
കല്പറ്റ: ജില്ലാ കുടുബശ്രീമിഷന്‍ ആവിഷ്‌കരിച്ച ജെന്‍ഡര്‍ തിയേറ്റര്‍ അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് എട്ടിന് യാഥാര്‍ഥ്യമാവും. കേരളത്തിലെ കുടുംബശ്രീയുടെ ആദ്യ തിയേറ്ററാണ് സാക്ഷാത്കരിക്കപ്പെടുന്നത്.
ആദ്യകാല ദളിത് നടിയായിരുന്ന റോസിയുടെ പേരില്‍ റോസി ദി റിയല്‍ സ്ട്രങ്ത്ത് ഓഫ് വിമന്‍ എന്ന പേരിലാണ് കുടുംബശ്രീ ആര്‍ട്ട് തിയേറ്റര്‍ ആരംഭിക്കുന്നത്. മൂന്ന് മണിക്ക് കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് അരങ്ങേറ്റം.
ജില്ലയിലെ 100-ഓളം കലാകാരന്‍മാരെയും കലാകാരികളെയും ഉള്‍പ്പെടുത്തിയാണ് തിയേറ്റര്‍ രൂപവത്കരിച്ചത്.
ഇന്ത്യന്‍ ക്ലാസിക്കല്‍ കലകള്‍, പരമ്പരാഗത നാടന്‍ കലകള്‍, നാടകം, നൃത്തം തുടങ്ങി എല്ലാ കലാവിഭാഗങ്ങളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട കലാകാരന്‍മാരാണ് തിയേറ്ററിന്റെ ഭാഗമാകുന്നത്. രാവിലെ 10 മണിക്ക് കുടംബശ്രീയിലൂടെ വിവിധ മേഖലകളില്‍ വിജയം വരിച്ച സ്ത്രീകളെ ഉള്‍പ്പെടുത്തി ടോക് ഷോ, സംവാദം എന്നിവ നടക്കും.
സ്പിക്ക് മാക്കെ കേരള നോര്‍ത്ത് ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് കലാകാരന്‍മാര്‍ക്ക് ആദ്യഘട്ട പരിശീലനം നല്‍കിയത്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സാജിത, കെ.പി. ജയചന്ദ്രന്‍, കെ.എ. ഹാരിസ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.