അമ്പലവയല്‍: ജില്ലയിലെ കര്‍ഷകരെ സഹായിക്കാന്‍ കാര്‍ഷിക കാലാവസ്ഥാ ബുള്ളറ്റിന്‍ വീണ്ടും വരുന്നു. കാലാവസ്ഥയിലെ മാറ്റങ്ങള്‍ മനസ്സിലാക്കി കൃഷിചെയ്യാന്‍ കര്‍ഷകരെ സഹായിക്കുന്ന മാര്‍ഗരേഖകള്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രമാണ് പുറപ്പെടുവിക്കുന്നത്. ഇടക്കാലത്ത് നിലച്ചുപോയ കാലാവസ്ഥാ ബുള്ളറ്റിന്‍ പുനഃക്രമീകരിച്ചത് കഴിഞ്ഞമാസമാണ്.

അടുത്ത ഒരാഴ്ച കാലാവസ്ഥ എങ്ങനെയായിരിക്കും, ചൂട് കൂടുതലോ മഴ കുറവോ വന്നാല്‍ കൃഷിയെ എങ്ങനെ ബാധിക്കും തുടങ്ങിയ കര്‍ഷകരുടെ ആശങ്കകള്‍ ഒഴിവാക്കാന്‍ കാലാവസ്ഥ ബുള്ളറ്റിന്‍ സഹായകമാകും.

കാലാവസ്ഥാ മാറ്റം നിരീക്ഷിച്ച് ഓരോ കൃഷിക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ ആഴ്ചയില്‍ രണ്ടുദിവസം കര്‍ഷകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ബുള്ളറ്റിന്‍ പുറത്തിറക്കുക. ജീവനക്കാരുടെ അഭാവംകാരണം ഏറെക്കാലമായി നിലച്ചുപോയ കാര്‍ഷിക കാലാവസ്ഥാ ബുള്ളറ്റിന്‍ ഇനി കര്‍ഷകരിലേക്ക് മുടക്കമില്ലാതെ എത്തും.

കഴിഞ്ഞമാസം നിയമിതനായ കാര്‍ഷിക കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ സജീഷ് ജാന്‍ ആണ് ബുള്ളറ്റിന്‍ തയ്യാറാക്കുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിലും രോഗങ്ങളുടെ ആക്രമണത്തിലും തളര്‍ന്നുപോയ കര്‍ഷകര്‍ക്ക് കാലാവസ്ഥാ ബുള്ളറ്റിന്‍ പുതിയ പ്രതീക്ഷയാണ്. ഇഞ്ചി, വാഴ, ചേന, കവുങ്ങ്, തെങ്ങ് തുടങ്ങി ഹ്രസ്വ, ദീര്‍ഘകാല വിളകളുടെ അതത് കാലങ്ങളിലെ പരിചരണത്തെക്കുറിച്ചാണ് ബുള്ളറ്റിന്‍ വിശദീകരിക്കുന്നത്. വരും ദിവസങ്ങളിലെ താപനില, ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടോ, കാറ്റുവീശാനുള്ള സാധ്യത അങ്ങനെ എല്ലാം ലളിതമായി വിവരിക്കുന്നതാണ് കാലാവസ്ഥാ ബുള്ളറ്റിന്‍. ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പ് നല്‍കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ചാണ് കര്‍ഷകരിലേക്കെത്തിക്കുന്നത്. മലയാളത്തില്‍ തയ്യാറാക്കിയിരിക്കുന്ന ബുള്ളറ്റിന്‍ ലളിതമായതിനാല്‍ കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകും. ഇപ്പോള്‍ കാര്‍ഷിക സര്‍വകലാശാലയുടെ വെബ്‌സൈറ്റുവഴിയാണ് ഈ വിവരങ്ങള്‍ ലഭ്യമാകുന്നത്. കൃഷിവകുപ്പു മുഖേനയും നിര്‍ദേശങ്ങള്‍ കൈമാറുന്നു. കൂടുതല്‍ എളുപ്പത്തിനായി മൊബൈല്‍ എസ്.എം.എസിലൂടെ കര്‍ഷകരിലേക്ക് നേരിട്ടെത്തിക്കാനുള്ള ശ്രമത്തിലാണ്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ലക്ഷ്യം മുന്നറിയിപ്പ് നല്കല്‍

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ലക്ഷ്യം. കഴിഞ്ഞ ആഴ്ചയിലെ കാലാവസ്ഥയെക്കുറിച്ചുള്ള വിവരണം, വരുന്ന അഞ്ചുദിവസത്തെ കാലാവസ്ഥാ മുന്നറിയിപ്പ് എന്നിവയാണ് ബുള്ളറ്റിനിലെ ആദ്യ രണ്ടുഭാഗം. ഓരോ വിളകളുടെയും പരിപാലനത്തില്‍ കര്‍ഷകര്‍ എടുക്കേണ്ട മുന്നൊരുക്കങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നതാണ് മൂന്നാംഭാഗം. കൃഷിയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും.

സജീഷ് ജാന്‍

കാര്‍ഷിക, കാലാവസ്ഥാ ശാസ്ത്രജ്ഞന്‍

ആര്‍.എ.ആര്‍.ആര്‍.എസ്. അമ്പലവയല്‍