കല്പറ്റ: റെഡി വണ്‍, ടു, ത്രീ, സ്റ്റാര്‍ട്ട്... വിസില്‍ മുഴങ്ങിയതേ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ആഞ്ഞടിച്ചു, ഗോള്‍വല കുലുങ്ങി. ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ പ്രചാരണാര്‍ഥം നടന്ന വണ്‍ മില്യണ്‍ ഗോള്‍ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ആദ്യ ഗോള്‍. തൊട്ടുപിറകെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ജില്ലാകളക്ടര്‍ എസ്. സുഹാസ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി... കല്പറ്റ പുതിയബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ജില്ലാതല ഉദ്ഘാടനച്ചടങ്ങ് ആവേശമായി.

സ്‌കൂള്‍ വിദ്യാര്‍ഥികളും സ്‌പോര്‍ട്‌സ് താരങ്ങളും യുവാക്കളും... നാടൊന്നാകെ ഫിഫ ലോകകപ്പിന്റെ ആവേശം ഏറ്റെടുത്തു. നിറഞ്ഞ കരഘോഷത്തിനും ആര്‍പ്പുവിളികള്‍ക്കുമിടയിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. ജില്ലയിലെ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളും പ്രധാനവേദികളിലെല്ലാം എത്തിയിരുന്നു.

കല്പറ്റ പുതിയബസ് സ്റ്റാന്‍ഡിലൊരുക്കിയ വേദിയില്‍ മൂന്നിന് തുടങ്ങി മൂന്നേകാല്‍ ആകുമ്പോഴേക്കും 100 ഗോളുകള്‍ പിറന്നുകഴിഞ്ഞു. അടിപൊളി, സൂപ്പറാ.. വണ്‍മില്യണ്‍ ഗോള്‍ പരിപാടിയെക്കുറിച്ച് എന്‍.എസ്.എസ്. സ്‌കൂളിലെ ആറാംക്ലാസുകാര്‍ക്ക് നല്ലതേ പറയാനുള്ളൂ. ''സ്‌കൂളില്‍നിന്ന് സ്ഥിരം ഫുട്‌ബോള്‍ കളിക്കുന്നത് കൊണ്ടാ ഇവിടെ വന്ന് ഗോളടിക്കാമെന്ന് കരുതിയേ, പിന്നെ ഗോളിയൊന്നുമില്ല, ഗോള്‍വലയും അടുത്ത്.. സിംപിളായി ഗോളടിച്ചു.'' -സാരംഗിനും അന്‍ഷിദിനും ഇതൊക്കെ എന്ത് എന്ന ഭാവം. കൂട്ടുകാരന്‍ ആകാശ് കുറച്ചുകൂടി താത്ത്വികമായാണ് ഗോളടിയെ കണ്ടത്: ''സംഭവം എം.എല്‍.എ.യും കൗണ്‍സിലറുമൊക്കെ ഗോളടിച്ചെങ്കിലും പോരാ, പെര്‍ഫെക്ഷന്‍ ഇല്ല. കളക്ടറാ തമ്മില്‍ഭേദം...''

ഡബ്‌ള്യു.എം.ഒ. കോളേജിലെ അഷിത സുഹൃത്ത് അമലയ്‌ക്കൊപ്പമാണ് ഗോളടിക്കാനെത്തിയത്. സ്റ്റാന്‍ഡിലെത്തിയപ്പോള്‍ അമ്മാവന്‍ ബഷീര്‍ നില്‍ക്കുന്നു. പിന്നെ ഗോളടിക്കുമ്പോള്‍ ഫോട്ടോ എടുക്കാനുള്ള ചുമതല അമ്മാവനെ ഏല്‍പ്പിച്ചു. ഗോളടിച്ചതും ഫോട്ടോ നോക്കി ഫെയ്‌സ്ബുക്കിലിടണോ വേണ്ടയോ എന്ന ചര്‍ച്ചയായി. തരുവണ സ്വദേശി അഹമ്മദ് ആരോഗ്യവകുപ്പില്‍നിന്ന് പെന്‍ഷനായി വിശ്രമജീവിതത്തിലാണ്. പരിപാടിയെക്കുറിച്ച് വായിച്ചറിഞ്ഞപ്പോള്‍ പിന്നെ മനസ്സുറച്ചില്ല. നേരേ പേരക്കുട്ടിയെയും കൂട്ടി കല്പറ്റയിലെത്തി. ഗോളടിച്ചു. കല്പറ്റയില്‍ എല്ലാ നൂറു ഗോളില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ച് ഗോളടിച്ചവര്‍ക്ക് സമ്മാനവുമുണ്ട്. സമ്മാനവും അകമ്പടിയായി ഗാനമേളയും കൂടിയായപ്പോള്‍ എല്ലാവരും ലോകകപ്പ് ആവേശത്തിലായി.

രാത്രിയോടെ ലഭിച്ച കണക്കുകളില്‍ 134 കേന്ദ്രങ്ങളിലായി 73,644 ഗോളുകളാണ് ജില്ലയില്‍ പിറന്നതെന്നാണ് സംഘാടകരുടെ ഏകദേശകണക്ക്. 80,000 ഗോളുകള്‍ അടിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചുവെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കായിക യുവജനകാര്യാലയം യുവജനക്ഷേമ വുകപ്പ് എന്നിവ ചേര്‍ന്നാണ് ജില്ലയില്‍ പരിപാടി നടത്തിയത്. സ്‌കൂളുകളിലും കോളേജുകളിലും പൊതുഇടങ്ങളിലും ഗോള്‍ അടിക്കാന്‍ ആളുകളെത്തി. കല്പറ്റ നഗരസഭയില്‍ എട്ടുകേന്ദ്രങ്ങളും മാനന്തവാടി നഗരസഭയില്‍ അഞ്ചുകേന്ദ്രങ്ങളും ബത്തേരി നഗരസഭയില്‍ എട്ടു കേന്ദ്രങ്ങളും പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ കേന്ദ്രങ്ങളും ഒരുക്കിയിരുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരേ മനസ്സോടെ ഗോളടിക്കാന്‍ എത്തി. കല്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തത്സമയ സംപ്രേഷണത്തോടുകൂടിയ സൗകര്യം ഒരുക്കിയിരുന്നു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു, സിനിമാതാരം എ. അബുസലീം തുടങ്ങിയവരും പങ്കെടുത്തു.