ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ പതിനായിരത്തോളം വീടുകളില്‍ ഉടന്‍ വൈദ്യുതി എത്തിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കര്‍ഷകസംഘം ആര്‍.ഡി.ഒ. ഓഫീസ് ഉപരോധിച്ചു. സമരത്തില്‍ പങ്കെടുത്ത വീട്ടമ്മമാരടക്കമുള്ള അഞ്ഞൂറോളം അപേക്ഷകരെ ഗൂഡല്ലൂര്‍ പോലീസ് അറസ്റ്റുചെയ്തു നീക്കി.

ഇരുതാലൂക്കുകളിലുമായി നാലായിരത്തി മുന്നൂറോളം അപേക്ഷകളാണ് പരിഗണിക്കപ്പെടാതെ വൈദ്യുതി ഓഫീസില്‍ കെട്ടിക്കിടക്കുന്നത്. ഗൂഡല്ലൂര്‍ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതിക്കു വേണ്ടിയുള്ള അപേക്ഷകള്‍ തിരസ്‌കരിക്കപ്പെട്ട ആയിരക്കണക്കിന് വീടുകളുണ്ട്.

2004 മുതല്‍ സെക്ഷന്‍ 17, 54 നിലകളിലെ താമസക്കാര്‍ക്ക് റവന്യൂവകുപ്പ് എതിര്‍പ്പില്ലാ രേഖ നല്‍കാത്തതിനാലും പല കുടുംബങ്ങള്‍ക്കും വൈദ്യുതി നിഷേധിക്കപ്പെട്ടിട്ടുണ്ട്. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ മുഴുവന്‍ അപേക്ഷകരെയും സംഘടിപ്പിച്ച് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് ഗാന്ധിമണ്ഡപത്തില്‍ ചേര്‍ന്ന പൊതുയോഗം മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് എന്‍. വാസു അധ്യക്ഷത വഹിച്ചു. വി.എ. ഭാസ്‌കരന്‍, വി.ടി. രവീന്ദ്രന്‍, കെ. രാജ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.