കോളേരി: ശിവഗിരിമഠം ഗുരുധര്‍മ പ്രചാരണസഭയും കേണിച്ചിറ ശ്രീനാരായണസേവാശ്രമവും ചേര്‍ന്ന് ശ്രീനാരായണ ഗുരുദേവന്റെ 90-ാമത് സമാധിദിനം ഹോമം, ഗുരുപൂജ, ഗുരുദേവകൃതികളുടെ പാരായണം, ഉപവാസം, അന്നദാനം തുടങ്ങിയ പരിപാടികളോടെ സേവാശ്രമത്തില്‍ ആചരിച്ചു. ആശ്രമം അധ്യക്ഷ സ്വാമിനി ലീല ഉദ്ഘാടനംചെയ്തു.

സഭാ ജില്ലാപ്രസിഡന്റ് സി.കെ. മാധവന്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍. ഗോപാലന്‍ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സി.കെ. ദിവാകരന്‍, കെ.ആര്‍. ശ്രീധരന്‍, പി.എന്‍. പവിത്രന്‍, പി.ഇ. നാരായണന്‍, വി.കെ. രാജേന്ദ്രന്‍, കെ.കെ. രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

സുല്‍ത്താന്‍ബത്തേരി:
എസ്.എന്‍.ഡി.പി. ബത്തേരി യൂണിയനുകീഴിലുള്ള ശാഖകളിലും ഗുരുമന്ദിരങ്ങളിലും ശ്രീനാരായണ ഗുരുദേവന്റെ 90-ാമത് സമാധി ദിനാചരണം സംഘടിപ്പിച്ചു.

ശാഖായോഗത്തില്‍ സമൂഹപ്രാര്‍ഥനയും ഉപവാസവും അന്നദാനവും നടത്തി. ഗുരുമന്ദിരങ്ങളില്‍ പ്രത്യേകപൂജകളും ഉണ്ടായിരുന്നു. നൂല്‍പ്പുഴ, മൂന്നാനക്കുഴി, കുമാരപുരം, താഴമുണ്ട, പാപ്ലശ്ശേരി, അരിവയല്‍, പുതുനിലം, പൂതാടി, കുപ്പാടി, വളാഞ്ചേരി, നാരായണപുരം, ചുള്ളിയോട്, ചെറുമാട്, ചീരാല്‍, മൂലങ്കാവ്, ചൂതുപാറ, അമ്പലവയല്‍, ബത്തേരി, ചീങ്ങവല്ലം, ചുണ്ടക്കൊല്ലി, ഇരുളം തുടങ്ങിയ ശാഖായോഗങ്ങളില്‍ ഗുരുസമാധി ആചരിച്ചു.

യൂണിയന്‍ കണ്‍വീനര്‍ എന്‍.കെ. ഷാജി, ചെയര്‍പേഴ്‌സണ്‍ ശാരദ നന്ദനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വാകേരി: എസ്.എന്‍.ഡി.പി. വാകേരി ശാഖ ശ്രീനാരായണഗുരുസമാധി ദിനാചരണം എസ്.എന്‍.ഡി.പി ബത്തേരി യൂണിയന്‍ കണ്‍വീനര്‍ എന്‍.കെ. ഷാജി ഉദ്ഘാടനംചെയ്തു. വാകേരി ശ്രീനാരായണഗുരു ക്ഷേത്രത്തില്‍ പ്രത്യേകപൂജകളും നടന്നു.