പനമരം: വിദേശമദ്യശാലയ്ക്കുമുന്നില്‍ ശനിയാഴ്ച നാട്ടുകാര്‍ ഉപവാസസമരം തുടങ്ങിയ ദിവസംതന്നെ സംഘര്‍ഷം. നീരട്ടാടി റോഡിലെ പുതിയ മദ്യശാലക്കെതിരേ സമരം തുടങ്ങി ഏതാനും സമയത്തിനുള്ളില്‍ സമരത്തിന്റെ ഭാവവും രൂപവും മാറി. വൈസ് പ്രസിഡന്റ് ടി. മോഹനനുമായുള്ള വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയും അഞ്ചുസ്ത്രീകള്‍ക്കും മോഹനനും ദേഹാസ്വാസ്ഥ്യമുണ്ടാവുകയുമായിരുന്നു. ഒരു മണിക്കാണ് സംഭവം.

സമരം നടത്തുന്നവര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. മോഹനനെ തടഞ്ഞതോടെയാണ് തുടക്കം. സമരപ്പന്തലിന് സമീപത്തുകൂടി കാറില്‍ പോകുകയായിരുന്ന മോഹനനെ തടയുകയായിരുന്നു. ഇരുവിഭാഗവും തമ്മില്‍ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി.

നെഞ്ചുവേദന അനുഭവപ്പെട്ട വൈശ്യമ്പത്ത് അസീസിന്റെ ഭാര്യ മുംതാസിനെ മാനന്തവാടി ജില്ലാ ആസ്​പത്രിയിലും ആമിന വൈശ്യമ്പത്ത്, ഫര്‍സിയ കോതേരി, ശിവമ്മ നീരട്ടാടി, രാധാമണി കോഴിക്കപറമ്പില്‍ എന്നിവരെ പനമരം സി.എച്ച്.സി. യിലും പ്രവേശിപ്പിച്ചു. വൈസ് പ്രസിഡന്റ് ടി. മോഹനന്‍ കല്പറ്റയിലെ സ്വകാര്യ ആസ്​പത്രിയിലും ചികിത്സയിലാണ്.

സമരാനുകൂലികളെ ആക്ഷേപിച്ചുവെന്ന് ആരോപിച്ച് ടി. മോഹനെതിരെ സമരസമിതി പനമരം പോലീസില്‍ പരാതി നല്‍കി. ഉപവാസസമരം പഞ്ചായത്ത് അംഗം സാബു നിര്‍വരം ഉദ്ഘാടനംചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് സംയുക്തസമരസമിതി ഞായറാഴ്ച ഒരുമണിവരെ പനമരം ടൗണില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് നേതാക്കളായ പി.ജെ. ബേബി, കെ. അസീസ്, ജോസഫ് എന്നിവര്‍ അറിയിച്ചു. കടകമ്പോളങ്ങള്‍ അടച്ചിടും.

യു.ഡി.എഫിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയണമെന്ന് എല്‍.ഡി.എഫ്.

പനമരം: മദ്യശാല പ്രദേശത്തെ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിച്ചതില്‍ യു.ഡി.എഫ്. നേതാക്കളുടെ ഇരട്ടത്താപ്പ് നയം ജനം തിരിച്ചറിയണമെന്ന് എല്‍.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി പത്രസമ്മേളനത്തില്‍ പറഞ്ഞു.

യു.ഡി.എഫ്. നേതാക്കളും പരിസര പ്രദേശത്തുള്ളവരും എക്‌സൈസ്-പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വിദേശമദ്യശാല തുറന്നുപ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടാക്കിയത്. ഈ ചര്‍ച്ചയില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്തും പങ്കെടുത്താണ്. എല്‍.ഡി.എഫിനെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നില്ല. കോണ്‍ഗ്രസും ലീഗും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് ഇപ്പോഴത്തെ സമരത്തിന് പിന്നിലുള്ളത്. പഞ്ചായത്ത് ഭരണസമിതിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട പ്രസിഡന്റ് രാജിവെയ്ക്കുമെന്ന് പറഞ്ഞാല്‍ പോരാ, അത് ചെയ്തുകാണിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അതിനുശേഷം നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതമാണ്. ജനങ്ങള്‍ക്ക് ഉപദ്രവമില്ലാത്ത സ്ഥലത്ത് സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുന്നതിനുപകരം രാഷ്ട്രീയ മുതലെടുപ്പിനാണ് യു.ഡി.എഫ്. ശ്രമിക്കുന്നത്.

പത്രസമ്മേളനത്തില്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ പി.കെ. ബാലസുബ്രഹ്മണ്യന്‍, കെ.പി. ഷിജു, സജേഷ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മോഹനന്റെ അവിശുദ്ധ കൂട്ടുകെട്ട് നിര്‍ത്തണം -കോണ്‍ഗ്രസ്

പനമരം: മദ്യശാല പനമരത്തുനിന്ന് മാറ്റണമെന്ന് കോണ്‍ഗ്രസ് അഞ്ചുകുന്ന്, പനമരം മണ്ഡലം കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. ടി. മോഹനന്റെ അവിശുദ്ധകൂട്ടുകെട്ടാണ് മദ്യശാല ഇവിടെ തുടങ്ങാന്‍ കാരണമായത്. ഇതിനെതിരേ ജനകീയ കൂട്ടായ്മ ഉയര്‍ന്നുവരണം. സിനോ പാറക്കാലായില്‍, ബെന്നി അരിഞ്ചേര്‍മല എന്നിവര്‍ സംസാരിച്ചു.