ഗൂഡല്ലൂര്‍: നെല്ലാക്കോട്ടയിലിറങ്ങിയ കടുവ രണ്ട് പശുക്കളെ കൊന്നു. വ്യാഴാഴ്ചയാണ് നെല്ലാക്കോട്ട ബസാറിനും വിലങ്ങൂരിനുമിടയിലെ ചതുപ്പുനിലത്തില്‍ രണ്ട് പശുക്കളുടെ ജഡം കണ്ടെത്തിയത്. നെല്ലാക്കോട്ട മൈമൂനയുടേതാണ് പശുക്കള്‍.

മൈമൂനയുടെ ഒരു പശുവിനെ ചൊവ്വാഴ്ച കാണാതായിരുന്നു. ബുധനാഴ്ച വീണ്ടും മറ്റൊരു പശുവിനെയും കാണാതായതോടെയാണ് തിരച്ചില്‍ നടത്തിയത്. രണ്ടുപശുക്കളുടെയും ജഡം ഒരേ സ്ഥലത്താണ് കണ്ടെത്തിയത്. സമീപപ്രദേശത്ത് കഴിഞ്ഞവര്‍ഷം ഒരു സ്ത്രീത്തൊഴിലാളിയെ കടുവ കൊന്നിരുന്നു. ജാര്‍ഖണ്ഡ് സ്വദേശിയായ ഒരാളെ കടുവ കൊന്നതും ഇതിനുസമീപത്തുതന്നെയാണ്. എട്ടോളം കന്നുകാലികളെയും കടുവ കൊന്നിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് റേഞ്ചര്‍ മനോഹരന്റെ നേതൃത്വത്തില്‍ വനപാലകസംഘം സ്ഥലത്തെത്തി. പശുക്കളുടെ ജഡത്തിനുസമീപത്തായി വനംവകുപ്പ് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. കടുവയുടെ സാന്നിധ്യം പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.