സുല്‍ത്താന്‍ബത്തേരി: നിര്‍ധനരോഗികള്‍ക്ക് മരുന്നെത്തിച്ചു നല്‍കാന്‍ കരാട്ടെ വിദ്യാര്‍ഥികള്‍ മരുന്നുപെട്ടിയൊരുക്കി. കെന്‍യൂ-റ്യൂ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാര്‍ഷല്‍ ആര്‍ട്‌സും മീരാ മെഡികെയറും ചേര്‍ന്ന് ആവിഷ്‌കരിച്ച 'മരുന്നുപെട്ടി' യിലൂടെ സമാഹരിച്ച മരുന്നുകള്‍ സുല്‍ത്താന്‍ബത്തേരി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്ക് കൈമാറി.

കെന്‍യൂ-റ്യൂ ഇന്‍സ്റ്റിറ്റിയൂട്ടിലെ കരാട്ടെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് വീടുകള്‍തോറും ഉപയോഗിക്കാതെ ബാക്കി വന്ന മരുന്നുകള്‍ ശേഖരിക്കുകയായിരുന്നു. പിന്നീട് മീരാ മെഡി കെയറിലെ ഫാര്‍മസിസ്റ്റുകളുടെ സഹായത്തോടെ മരുന്നുകള്‍ വേര്‍തിരിച്ച് കാലാവധി കഴിഞ്ഞവ നീക്കംചെയ്തു. ഈ മരുന്നുകള്‍ ഡോക്ടര്‍മാരുടെ കുറിപ്പടി പ്രകാരം നിര്‍ധന രോഗികള്‍ക്ക് വിതരണം ചെയ്യുന്ന പദ്ധതിക്ക് പ്രദേശത്ത് വലിയ സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചത്.

സുല്‍ത്താന്‍ബത്തേരി സര്‍വജന ഹൈസ്‌കൂള്‍, അസംപ്ഷന്‍ ഹൈസ്‌കൂള്‍, ഡബ്‌ള്യൂ.എം.ഒ. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ഭാരതീയ വിദ്യാഭവന്‍, കേരള അക്കാദമി ഓഫ് എന്‍ജിനീയറിങ്, മീനങ്ങാടി ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, സെയ്ന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെയ്ന്റ് പോള്‍സ് ഹൈസ്‌കൂള്‍ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 'മരുന്നുപെട്ടി' സ്ഥാപിച്ച് മരുന്നുകള്‍ ശേഖരിച്ചു. മരുന്നുകള്‍ ജില്ലയിലെ കിടപ്പുരോഗികള്‍ക്കുകൂടി എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തകരുമായി സഹകരിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. മുന്‍വര്‍ഷം കരാട്ടെ വിദ്യാര്‍ഥികള്‍ ക്രിസ്മസ് കാരള്‍ പാടി ലഭിച്ച തുക കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയിരുന്നു.

ചടങ്ങില്‍ ലൈബ്രറി കൗണ്‍സില്‍ അംഗം പി.കെ. സത്താര്‍ അധ്യക്ഷതവഹിച്ചു. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ചെയര്‍മാന്‍ പി. ശശികുമാറിന് മരുന്നുകള്‍ കൈമാറി. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രസിഡന്റ് പി. സല്‍മത്ത്, സെക്രട്ടറി കെ.എ. റഹീം, വൊളന്റിയര്‍മാരായ ഷൈനി രാജന്‍, കെ.എ. ഷബീന, ചില്‍ഡ്രന്‍സ് ഹോം കെയര്‍ വൊളന്റിയര്‍ ഫാത്തിമ മെഹക്, ഡോ. ബെഞ്ചമിന്‍ ഈശോ, സോള്‍ജി കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.