സുല്‍ത്താന്‍ ബത്തേരി: അമിത ഉയരത്തില്‍ ചരക്ക് കയറ്റിവന്ന ഏഴു ലോറികള്‍ മുത്തങ്ങ ആര്‍.ടി. ചെക്ക് പോസ്റ്റില്‍ പിടികൂടി. കൊച്ചിയിലേക്ക് ചരക്കുമായി വരുകയായിരുന്ന പാഴ്‌സല്‍ ലോറികളാണ് മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. രാജസ്ഥാന്‍ രജിസ്‌ട്രേഷനിലുള്ളതാണ് ഈ ലോറികള്‍.

ലോറികളുടെ ക്യാബിനെക്കാള്‍ 1.5 മീറ്ററോളം ഉയരത്തിലാണ് ചരക്കുകള്‍ നിറച്ചിരുന്നത്. തറനിരപ്പില്‍നിന്ന് 3.8 മീറ്റര്‍ ഉയരത്തില്‍ മാത്രമേ പരമാവധി ചരക്കുകയറ്റാന്‍ നിയമം അനുവദിക്കുന്നുള്ളൂ. വൈകീട്ട് ആറു മണിയോടെയാണ് ചെക്ക് പോസ്റ്റുവഴിയെത്തിയ ഈ ലോറികള്‍ പിടിച്ചിട്ടത്.

ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യും. പിഴയീടാക്കുകയും ചെയ്യും. അമിത ഉയരത്തില്‍ നിറച്ച ചരക്ക് ഇറക്കിയശേഷം മാത്രമേ ലോറികളെ കടത്തിവിടൂ. ചുരം സംരക്ഷണവുമായി ബന്ധപ്പെട്ട് ചരക്കുവാഹനങ്ങളിലെ അമിത ഭാരവും ഉയരവുമെല്ലാം ഇപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശനമായി പരിശോധിച്ചുവരുകയാണ്.

എ.എം.വി.െഎ. മാരായ വി.എസ്. സൂരജ്, കെ. ഡിവിന്‍, എം.വി.െഎ. എസ്. ഫ്രാന്‍സിസ്, ഓഫീസ് അസിസ്റ്റന്റ് പി.ടി. അനീഷ് എന്നിവരടങ്ങിയ സംഘമാണ് ലോറികള്‍ പിടികൂടിയത്.