സുല്‍ത്താന്‍ബത്തേരി: കൈയിലൊരു സ്മാര്‍ട്ട്‌ഫോണും വിക്കിബസ് എന്ന ആപ്ലിക്കേഷനും ഉണ്ടെങ്കില്‍ വയനാട്ടുകാര്‍ക്കു ജില്ലയിലെ കെ.എസ്.ആര്‍.ടി.സി. യുടെയും സ്വകാര്യ ബസ്സുകളുടെയും വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍.
വയനാട്ടുകാരനും നേത്രം സ്വകാര്യ കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ ബൈജു പോള്‍ മാത്യുവാണ് വിക്കിബസ് എന്ന ആപ്ലിക്കേഷന്റെ ആശയം മുന്നോട്ടുവെച്ചിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന വ്യക്തി നില്‍ക്കുന്ന സ്ഥലത്തിന് 25 കിലോമീറ്റര്‍ ചുറ്റളവിലുള്ള ബസ് സ്റ്റോപ്പുകളെയും ബസ് സ്റ്റോപ്പിലേക്കുള്ള ദൂരവും അവിടെ രണ്ടുമണിക്കൂറിനുള്ളില്‍ എത്തുന്ന ബസ്സുകളുടെ വിവരങ്ങളും അറിയാന്‍ കഴിയും.
യാത്രകാര്‍ക്ക് ദൂരയാത്രകള്‍ മുന്‍കൂട്ടി ആസൂത്രണംചെയ്യുന്നത് സുഖമാക്കുകയാണ് ഈ ആപ്ലിക്കേഷനിലൂടെ. പുതിയ ബസ്സുകളുടെയും വിവരങ്ങള്‍ ചേര്‍ത്ത് തെറ്റായ വിവരങ്ങള്‍ തിരുത്താനുള്ള സൗകര്യങ്ങളും ഇതില്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി മറ്റുള്ള ഉപഭോക്താക്കളുമായി സംവദിക്കാന്‍ സാധിക്കുമെന്നതും ഈ ആപ്ലിക്കേഷന്റെ പ്രത്യേകതയാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഈ ആപ്ലിക്കേഷന്‍ മൊബൈലിലേക്കു ഡൗണ്‍ലോഡ് ചെയ്യാന്‍കഴിയും.
തുടക്കത്തില്‍ മാനന്തവാടി എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളായ ദിനക്ക് ലാല്‍, ദിജീഷ്, കോഴിക്കോട് എന്‍.ഐ.ടി. യിലെ എം.സി.എ. വിദ്യാര്‍ഥികളായ ദീപക്ക്, ഹിമാന്‍ഷു എന്നിവരാണ് നേത്രം സ്വകാര്യ കമ്പനിയുടെ കൂടെ ആപ്ലിക്കേഷന്‍ നിര്‍മിക്കാന്‍ ചുക്കാന്‍ പിടിച്ചിരുന്നത്. എന്‍.ഐ.ടി. കോഴിക്കോട്, ആര്‍.ടി. ഓഫീസ്, സെന്റ് മേരീസ് കോളേജ് എന്‍.എസ്.എസ്. എന്നിവരും ആപ്ലിക്കേഷന്‍ നിര്‍മിക്കാന്‍ സഹകരിച്ചിരുന്നു.
വയനാടിനു പുറത്തേക്കുള്ള ബസ് സേവനങ്ങളെ ഉള്‍ക്കൊള്ളിച്ചു വിക്കിബസ് ആപ്ലിക്കേഷന്‍ വിപുലീകരിച്ചിറക്കുമെന്ന് ബൈജുപോള്‍ മാത്യു, ഹെലന്‍ മാത്യു, സിവിന്‍ ജോണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.