സുല്‍ത്താന്‍ബത്തേരി: നന്മയും സ്‌നേഹവും നിറച്ച പൊതികളുമായി സെയ്ന്റ് മേരീസ് കോളേജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. വൊളന്റിയര്‍മാരെത്തിയപ്പോള്‍ വെള്ളായിക്കുഴി കോളനിവാസികളുടെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി വിടര്‍ന്നു.

റേഷന്‍ സമരത്തെ തുടര്‍ന്ന് ഭക്ഷണക്ഷാമം നേരിട്ട, തങ്ങളുടെ ദത്ത് ഗ്രാമമായ വെള്ളായിക്കുഴി കോളനിവാസികള്‍ക്ക് അരിയുമായാണ് ഇത്തവണ വിദ്യാര്‍ഥികളെത്തിയത്. കോളനിയിലെ 30 കുടുംബങ്ങള്‍ക്ക് മൂന്ന് കിലോ വീതം അരിയാണ് വിദ്യാര്‍ഥികളെത്തിച്ചത് നല്‍കിയത്.

സ്‌കൂളില്‍ എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ നടപ്പാക്കിവരുന്ന 'പിടിയരി' പദ്ധതിയിലൂടെയാണ് കോളനിവാസികള്‍ക്കാവശ്യമായ അരി കണ്ടെത്തിയത്. വീട്ടില്‍ ചോറ് തയ്യാറാക്കുമ്പോള്‍ ഒരു പിടി അരി ദിവസവും മാറ്റിവെച്ചാണ്, അരി സ്വരൂപിച്ചത്. പ്രിന്‍സിപ്പല്‍ കെ.ജി. ജോസ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ സി.വി. സ്മിത, വി.പി. മുഹമ്മദലി, ബ്രോജിന്‍ ലിയോജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.