സുല്‍ത്താന്‍ബത്തേരി: പരിക്കേറ്റ് അവശനിലയില്‍ കണ്ടെത്തിയ കാട്ടെരുമ ചത്തു. തൊവരിമല എസ്റ്റേറ്റിലെ ഒമ്പതാം ഡിവിഷനോടു ചേര്‍ന്നുള്ള വനഭൂമിയിലാണ് രണ്ട് വയസ്സുള്ള കാട്ടെരുമയെ ചത്തനിലയില്‍ കണ്ടെത്തിയത്. പുലിയുടെ ആക്രമണത്തിലാണ് പരിക്കേറ്റതെന്നാണ് നിഗമനം.

കഴുത്തിനും അകിടിനും സാരമായി പരിക്കേറ്റ് അവശനിലയിലായ കാട്ടെരുമയെ ബുധനാഴ്ച രാവിലെ 11 മണിയോടെ എസ്റ്റേറ്റിലെ തൊഴിലാളികളാണ് കണ്ടത്. തുടര്‍ന്ന് വിവരമറിഞ്ഞ മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ സ്ഥലത്തെത്തുകയും ചികിത്സ നല്‍കാന്‍ നടപടിയെടുക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ വെറ്ററിനറി ഡോക്ടര്‍ സ്ഥലത്തെത്തിയപ്പോഴേക്കും കാട്ടെരുമ ചത്തിരുന്നു.