ബീനാച്ചി: തെരുവുനായ്ക്കള്‍ പെരുകിയതോടെ പൊറുതിമുട്ടി ജനങ്ങള്‍. തെരുവുനായ്ക്കളുടെ ശല്യംകാരണം രാവിലെ നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. അടുത്തിടെ ബീനാച്ചിയിലും ബത്തേരിയും കോട്ടക്കുന്നിലും ഒരു കുട്ടിയടക്കം ആറുപേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിരുന്നു. സാധാരണ ഈ സമയങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം കൂടാറുണ്ടെങ്കിലും ഇപ്പോള്‍ പതിവിലേറെ രൂക്ഷമായിരിക്കുകയാണ്. തെരുവുനായ്ക്കളെ പിടികൂടി കൊല്ലുന്നത് നിലച്ചതാണ് നഗരത്തിലെ രൂക്ഷമായ തെരുവുനായ ശല്യത്തിന് കാരണം.

അടുത്തകാലത്ത് തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിന് നടപടിയെടുത്തെങ്കിലും പിന്നീട് ഇത് നിര്‍ത്തിവെക്കുകയായിരുന്നു. രാവിലെ റോഡിന് ഇരുവശത്തെയും മാലിന്യം കേന്ദ്രീകരിച്ചാണ് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നത്. ഇതുകാരണം രാവിലെ ടൗണിലൂടെ നടക്കാന്‍ ഇറങ്ങാന്‍പോലും കഴിയാത്ത അവസ്ഥയാണ്. നേരം പുലര്‍ന്ന് ടൗണില്‍ ജനം നിറയുന്നതോടെ തെരുവുനായ്ക്കളുടെ ശല്യം മത്സ്യ-മാംസ മാര്‍ക്കറ്റിന് സമീപവും സ്റ്റേഡിയം റോഡിലേക്കും നീങ്ങും.