വടുവന്‍ചാല്‍: യു.പി. സ്‌കൂളായി ഉയരാന്‍ അരനൂറ്റാണ്ടിലേറെയായി കാത്തിരിക്കുന്ന ചിത്രഗിരി ഗവ. എല്‍.പി. സ്‌കൂളിലെ കുട്ടികളൊരുക്കിയ ഹ്രസ്വചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. ആദിവാസിവിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഇതിവൃത്തമാകുന്ന 'മിഴികള്‍തേടി', പ്രകൃതിയുടെ മാറ്റങ്ങള്‍ തൊട്ടറിഞ്ഞ് 'നീരുറവകള്‍ തേടി' എന്നിവയാണ് സ്‌കൂളിലെ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേര്‍ന്നൊരുക്കിയിരിക്കുന്നത്. പൂര്‍ണമായി മൊബൈലില്‍ ചിത്രീകരിച്ചിരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ ലൊക്കേഷന്‍ സ്‌കൂളും പരിസരവുമാണ്. അധ്യാപകനായ പി.എ. മനോജാണ് രചനയും സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ചത്. അഭിനേതാക്കള്‍ സ്‌കൂളിലെ കുട്ടികള്‍. രണ്ടുദിവസങ്ങള്‍ക്കൊണ്ടാണ് ഇവ ചിത്രീകരിച്ചത്. പ്രഥമാധ്യാപിക പി.ആര്‍. ഉഷ, നീലമല പരിസ്ഥിതി സംരക്ഷണസമിതി പ്രവര്‍ത്തകരായ പി.എ. തോമസ്, വിനില്‍കുമാര്‍ എന്നിവരും ഹ്രസ്വചിത്രത്തില്‍ വേഷമിടുന്നു.
 


മിഴികള്‍തേടി

1963-ല്‍ സ്ഥാപിതമായ ചിത്രഗിരി ഗവ. എല്‍.പി. സ്‌കൂള്‍ അപ്പര്‍പ്രൈമറിയാകുന്നതിനുള്ള കാത്തിരിപ്പിന് അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. നാട്ടുകാരും അധ്യാപകരും ഇതിനായി മുട്ടാത്ത വാതിലുകളില്ല. വാഹനസൗകര്യം തീരെക്കുറവായ ഈ പ്രദേശത്തെ കോളനികളില്‍നിന്ന് കുട്ടികള്‍ നാലാംക്ലാസുകഴിഞ്ഞാല്‍ പഠനമുപേക്ഷിക്കുന്ന അവസ്ഥയാണ്. ഇത്തരം പ്രശ്‌നങ്ങളാണ് 12 മിനിറ്റ് ദൈര്‍ഘ്യമുള്ള 'മിഴികള്‍തേടി' എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചിത്രഗിരി സ്‌കൂള്‍ യു.പി. തലത്തിലേക്ക് ഉയര്‍ത്തിയാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ഹ്രസ്വചിത്രം സമര്‍ഥിക്കുന്നു.

നീലിമല കോളനിയില്‍ സന്ദര്‍ശനത്തിനെത്തിയ കുട്ടികളിലൊരാള്‍ വീട്ടമ്മയോട് ചോദിക്കുന്നു. എന്താണ് മക്കള്‍ സ്‌കൂളില്‍പോകാന്‍ മടിക്കുന്നത്..? അമ്മയുടെ മറുപടി.. എനിക്ക് രണ്ടുമക്കളാണ്. ഒരാള്‍ ഏഴുവരെയും ഇളയവന്‍ അഞ്ചുവരെയും പഠിച്ചു. ഇപ്പോള്‍ പോകുന്നില്ല. ദൂരക്കൂടുതലാണ് കാരണം.

നീലിമലയില്‍നിന്ന് എറ്റവും അടുത്തുള്ള യു.പി. സ്‌കൂള്‍ തോമാട്ടുചാലിലാണ്. ഇവിടനിന്ന് അങ്ങോട്ട് വണ്ടിയില്ല. ഈപ്രശ്‌നം അനുഭവിക്കുന്നത് ഇവര്‍ മാത്രമല്ലെന്നും പ്രദേശത്തെ വിവിധ കോളനികളില്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച കുട്ടികളുണ്ടെന്ന തിരിച്ചറിവുമായിരുന്നു ആ സന്ദര്‍ശനം. വെറുമൊരു സന്ദര്‍ശനം മാത്രമായിരുന്നില്ല അത്. കുട്ടികളുടെ പഠനം മുടങ്ങുന്നതും അതിന്റെ കാരണവും തേടുന്ന ഹ്രസ്വചിത്ര നിര്‍മാണത്തിന്റെ ഭാഗമായാണ് കുട്ടികളെത്തിയത്. ഓരോ ചലനങ്ങളും മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി മനോജ് മാഷും പിറകെയെത്തി. നീലിമല, വെള്ളരി, അമ്പലക്കുന്ന്, അറുപതില്‍ എന്നീ കോളനികളികള്‍ സന്ദര്‍ശിച്ചാണ് ഹ്രസ്വചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

നീരുറവകള്‍തേടി

വേനല്‍ക്കാലത്തുപോലും ജലസമൃദ്ധമായിരുന്ന സ്‌കൂള്‍വളപ്പിലെ കിണറ്റില്‍ മഴക്കാലത്തുപോലും വെള്ളം കിട്ടാതായതോടെയാണ് കുട്ടികള്‍ കാരണം തേടിയിറങ്ങുന്നത്. 'നീരുറവകള്‍തേടി' എന്ന ചിത്രത്തിന്റെ ഉള്ളടക്കവും ഇതുതന്നെ. ഈ പ്രദേശത്തെ ജലലഭ്യത ഉറപ്പാക്കിയിരുന്ന നീലിക്കുളത്തിന്റെ നാശമാണ് വരള്‍ച്ചയ്ക്കുകാരണമെന്ന് കുട്ടികള്‍ കണ്ടെത്തി. നീലിക്കുളം മണ്ണിട്ടുനികത്തി വാഴക്കൃഷി നടത്തി. കുറച്ചുവര്‍ഷങ്ങളായി പ്രദേശത്തെ ജലസ്രോതസ്സുകളില്‍ ജലവിതാനം ക്രമേണ താഴ്ന്നുവരുന്നതായി കുട്ടികള്‍ മനസ്സിലാക്കി. ജൈവവൈവിധ്യങ്ങളുടെ കലവറയായ നീലിമലയും പരിസരപ്രദേശങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പരിസ്ഥിതിപ്രവര്‍ത്തകരുടെ വാക്കുകളിലൂടെ പങ്കുവെക്കുന്നു. വനവും ജലസ്രോതസ്സുകളും സംരക്ഷിക്കണമെന്നും മരങ്ങള്‍ നട്ടുപരിപാലിക്കണമെന്നും ഓര്‍മിപ്പിച്ചാണ് 'നീരുറവകള്‍തേടി' അവസാനിക്കുന്നത്.

സാമ്പത്തികച്ചെലവില്ലാതെ നിര്‍മിച്ചിരിക്കുന്ന ഹ്രസ്വചിത്രങ്ങള്‍ ആശയംകൊണ്ടും അവതരണ മികവുകൊണ്ടും ശ്രദ്ധയമാണ്. സ്‌കൂള്‍വിദ്യാര്‍ഥികളായ ഫാത്തിമ ജൂഫി, ഫാത്തിമ സെന്‍ഹ, എം. റിയാസ്, അനുശ്രീ, മുഹമ്മദ് അന്‍ഷിദ്, ബിബിന്‍ തോമസ്, ടി. നസല്‍, എന്‍.എസ്. ഗോപിക, മാനുവല്‍ തോമസ് എന്നിവരാണ് ഹ്രസ്വചിത്രങ്ങളിലെ അഭിനേതാക്കള്‍.