പുല്പള്ളി: പെരിക്കല്ലൂര്‍, മരക്കടവ് വരവൂര്‍ പ്രദേശങ്ങളിലെ തോട്ടങ്ങളില്‍ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് ആനയിറങ്ങി വ്യാപക കൃഷിനാശം വരുത്തിയത്. അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്തേക്ക് കര്‍ണാടക വനത്തില്‍നിന്നും കബനിപ്പുഴ കടന്നാണ് ആനയെത്തിയത്.

കൃഷിയിടങ്ങളിലിറങ്ങിയ ആനക്കൂട്ടം തെങ്ങ്, വാഴ, എള്ള് തുടങ്ങിയ കൃഷികള്‍ വ്യാപകമായി നശിപ്പച്ചു. നെല്പാടവും ആനക്കൂട്ടം ചവിട്ടിമെതിച്ചു.

പ്രദേശത്ത് വനംവകുപ്പും കര്‍ഷകരും ഫെന്‍സിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും രണ്ടും മറികടന്നാണ് ആനക്കൂട്ടമിറങ്ങിയത്. കര്‍ഷകര്‍ സ്ഥാപിച്ച ഫെന്‍സിങ് ചവിട്ടി മറിച്ച നിലയിലാണ്. പ്രിന്‍സ് തൊമ്മിപറമ്പില്‍, ദീപക്ക് ഇളംതുരുത്തിയില്‍, തങ്കച്ചന്‍ വല്ലത്ത്, മത്തായി തൊമ്മിപറമ്പില്‍, പ്രിന്‍സ് വെളിയത്തുമാലില്‍ എന്നിവരുടെ കൃഷിയിടങ്ങളിലാണ് നാശനഷ്ടമുണ്ടായത്. മുപ്പതിനായിരം രൂപയുടെ നാശനഷ്ടം ഒറ്റ രാത്രികൊണ്ട് ഉണ്ടായതായും നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും കര്‍ഷകര്‍ പറഞ്ഞു.

കാട്ടാനശല്യം മൂലം ഒട്ടേറെ കര്‍ഷകര്‍ പ്രദേശത്ത് ഇത്തവണ കൃഷിയിറക്കിയിട്ടില്ല. മുന്‍വര്‍ഷങ്ങളിലും കാട്ടാനയിറങ്ങി വന്‍ കൃഷിനാശമാണുണ്ടാക്കിയത്. എന്നാല്‍ കര്‍ഷകര്‍ക്ക് കാര്യമായ നഷ്ടപരിഹാരമൊന്നും കിട്ടിയിട്ടില്ല.