പടിഞ്ഞാറത്തറ: ഗ്രാമപ്പഞ്ചായത്തിലെ ആദിവാസി സാക്ഷരതാ പഠിതാക്കളുടെ പഠന യാത്രയും കുടുംബസംഗമവും സംഘടിപ്പിച്ചു.

പരീക്ഷാ ഫലത്തിനായി കാത്തിരിക്കുന്ന ഘട്ടത്തിലാണ് പഞ്ചായത്ത് ഭരണസമിതി മുന്‍കൈയെടുത്ത് പഠിതാക്കള്‍ക്കായി വിനോദയാത്ര സംഘടിപ്പിച്ചത്. പഞ്ചായത്ത് അംഗങ്ങളുടെയും ഇന്‍സ്ട്രക്ടര്‍മാരുടെയും പ്രേരക്മാരുടെയും നേതൃത്വത്തില്‍ ബാണാസുര സാഗര്‍ ഡാമിലേക്കായിരുന്നു യാത്ര. ഡാം പരിസരത്ത് നടന്ന കുടുംബസംഗമത്തില്‍ എല്ലാ ഊരുകേന്ദ്രത്തിലേയും പഠിതാക്കള്‍ പങ്കെടുത്തു.

ആദിവാസികളുടെ തനത് കലാരൂപമായ വട്ടക്കളികള്‍ ഉള്‍പ്പെടെയുള്ള കലാപരിപാടികളും അവതരിപ്പിച്ചു. പഞ്ചായത്തിന്റെ പ്ലാസ്റ്റിക് വിരുദ്ധ പ്രഖ്യാപനത്തിലും ഇവര്‍ പങ്കാളികളായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സജഷ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടി, കല്പറ്റ ഡിവൈ.എസ്.പി. പ്രിന്‍സ് എബ്രഹാം, ശാന്തിനി ഷാജി, ഉഷാ വര്‍ഗീസ്, എം.ബി. നൗഷാദ്, ജിന്‍സി സണ്ണി, ഹാരിസ് കണ്ട്യന്‍, എം. ദിവാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്തില്‍

നൂറ് ശതമാനം നികുതി പിരിക്കാന്‍ പ്രയത്‌നിച്ച ജീവനക്കാര്‍ക്ക് ഉപഹാരം നല്‍കി. പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്തില്‍ 11 കോളനികളിലാണ് ആദിവാസി സാക്ഷരതാ പദ്ധതി നടപ്പാക്കുന്നത്. വാര്‍ഡ് തലത്തില്‍ സര്‍വേ നടത്തി തിരഞ്ഞെടുത്ത 234 പഠിതാക്കളാണുള്ളത്.