രിയോട്: കാവുംമന്ദം ലൂര്‍ദ് മാതാ ദേവാലയത്തില്‍ നടന്ന നിര്‍മല്‍ രാജിന്റെയും സിബില ജസിയ ബാബുവിന്റെയും കല്യാണത്തിനെത്തിയവരെല്ലാം ആദ്യം ഒന്നമ്പരന്നു. കെട്ടും കഴിഞ്ഞ് പെണ്ണും ചെക്കനും പള്ളിയില്‍നിന്ന് പുറത്തിറങ്ങിയതും ഊരിപ്പിടിച്ച വാളുമായി നേവി ഉദ്യോഗസ്ഥര്‍ ഒരേ നില്‍പ്പ്.

നേവി ഉദ്യോഗസ്ഥനായ വരന് നാവികസേനയുടെ ആചാരപ്രകാരം വിവാഹമംഗളം നേരുന്നതാണെന്ന് അറിഞ്ഞതോടെ അമ്പരപ്പ് കൗതുകമായി.

നാവികസേനയില്‍ ലഫ്റ്റനന്റായ നിര്‍മല്‍ രാജ് വിവാഹത്തിനെത്തിയതും നേവി യൂണിഫോം ധരിച്ചാണ്. വധു സിബില ജസിയ വെള്ളനിറമുള്ള പരമ്പരാഗത ഗൗണുമണിഞ്ഞു. പള്ളിയിലെ ചടങ്ങുകള്‍ക്കുശേഷം പുറത്തെത്തിയ വധൂവരന്മാര്‍ക്ക് ഏഴ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പരമ്പരാഗത ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് വധൂവരന്മാര്‍ മധുരം സ്വീകരിച്ചു.

കാവുംമന്ദം കുളങ്ങര രാജു-മോളി ദമ്പതിമാരുടെ മകനാണ് നിര്‍മല്‍ രാജ്. ചെന്നലോട് തൊട്ടിയില്‍ ബാബു-ജസി ദമ്പതിമാരുടെ മകളാണ് സിബില ജസിയ ബാബു.