മച്ചൂര്‍ (കര്‍ണാടക): കന്നുകാലികളാണ് കേരള കര്‍ണാടക അതിര്‍ത്തിയിലെ മച്ചൂര്‍ ഗ്രാമത്തിന്റെ സമ്പത്ത്. ആയിരത്തോളംവരുന്ന കുടംബങ്ങള്‍ക്ക് നാലായിരത്തോളം കന്നുകാലികള്‍. എല്ലാം ഏതുകാലാവസ്ഥയോടും ഇണങ്ങുന്ന നാടന്‍ ഇനങ്ങള്‍. ഈ കന്നുകാലിക്കൂട്ടങ്ങള്‍ക്കെല്ലാം ഒരേ ഒരു വൈദ്യനേയുള്ളൂ - നാഗരാജ്. പച്ചമരുന്നുകള്‍ കൊണ്ട് കന്നുകാലികളുടെ ഏതുരോഗവും മാറ്റുന്ന വൈദ്യകുടുംബത്തിലെ അവസാനത്തെ കണ്ണി.

പശുക്കളുടെ അസുഖത്തിന് പച്ചമരുന്നുകള്‍ വാങ്ങാന്‍ കാടിനുനടുവിലെ ഗുണ്ടറ ഗ്രാമത്തിലെ നാഗരാജിന്റെ വീട്ടിലേക്ക് കബനി കടന്ന് അനേകം മലയാളികളും എത്താറുണ്ട്. അച്ഛന്‍ ദേവശ്ശേ ഗൗഡറാണ് മൃഗവൈദ്യത്തിലേക്ക് ഈ ഗ്രാമത്തെ പതിറ്റാണ്ടുകള്‍ മുമ്പേ വഴികാട്ടിയത്. ആറുമാസം മുമ്പ് ദേവശ്ശേ വൈദ്യര്‍ മരിച്ചതോടെ മൃഗചികിത്സ മകന്‍ നാഗരാജ് ഏറ്റെടുത്തു. വൈദ്യര്‍ മരിച്ചതറിയാതെ ദൂരെദിക്കില്‍നിന്ന് പച്ചമരുന്നുകള്‍ തേടി വീട്ടില്‍ ആളുകള്‍ എത്താന്‍ തുടങ്ങിയതോടെയാണ് അച്ഛനില്‍നിന്ന് പകര്‍ന്നു കിട്ടിയ ചികിത്സ മകനും ഏറ്റെടുത്തത്. കാടിനുള്ളില്‍നിന്ന് കണ്ടെത്തിയ അനേകം പച്ചമരുന്നുകളുടെ കൂട്ടുകളാണ് ഓരോ രോഗത്തിനും പ്രത്യേകം നല്‍കുന്നത്. മുറിവുണങ്ങുന്നതിന് മുതല്‍ എരണ്ടകെട്ടലിനും കുളമ്പുരോഗത്തിനും വരെ നാട്ടുവൈദ്യത്തില്‍ ഉത്തമമരുന്നുണ്ടെന്ന് നാഗരാജ് പറയുന്നു.

വന്യജീവി സങ്കേതത്തിനകത്തുള്ള ഗ്രാമമെന്ന നിലയില്‍ കടുവയുടെയും മറ്റും ആക്രമണത്തില്‍ നിന്ന് മുറിവേല്‍ക്കുന്ന കന്നുകാലികളെ ചികിത്സിക്കാനുള്ള ഉത്തരവാദിത്തമാണ് കൂടുതലായുള്ളത്. വഴിവക്കിലും കാട്ടിലും വീണുപോകുന്ന കന്നുകാലികളെ അവിടെനിന്ന് തന്നെ പച്ചമരുന്നുകള്‍ വെച്ചുകെട്ടി സുഖപ്പെടുത്തി തിരികെ എത്തിക്കാനും പോകാറുണ്ട്. കാടിനുള്ളില്‍നിന്ന് ശേഖരിച്ച പതിറ്റാണ്ടുകള്‍ പഴക്കമുള്ള മരുന്നുകളും ഗുണ്ടറയിലെ വീട്ടില്‍ ഉണക്കി സൂക്ഷിച്ചിട്ടുണ്ട്. ഇവയെല്ലാം ഓരോകാലത്തും ആവശ്യത്തിനെടത്ത് മറ്റു പച്ചമരുന്നുകളുമായി ചേര്‍ത്താണ് നല്‍കാറുള്ളത്.

കന്നുകാലി സമ്പത്ത് ധാരാളമുണ്ടെങ്കിലും ഇപ്പോഴും മൃഗാസ്​പത്രിയൊന്നും ഈ കന്നഡ ഗ്രാമത്തില്‍ എത്തിയിട്ടില്ല. കന്നുകാലികളുടെ അസുഖത്തിനെല്ലാം നാട്ടുവൈദ്യം മാത്രമാണ് ഇന്നും ആശ്രയം. പ്രാഥമികതലത്തില്‍ മാത്രം വിദ്യാഭ്യാസമുള്ള നാഗരാജ് ഈ ചികിത്സാ പാരമ്പര്യത്തെ നാട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഏറ്റെടുത്തതാണ്. ഭാര്യയും അമ്മയുമെല്ലാം നാഗരാജിനെ പിന്തുണയ്ക്കുന്നു.