മറ്റു പ്രതികളാരും അറസ്റ്റിലായില്ലഅണയാതെ പ്രതിഷേധം

കല്പറ്റ: രാത്രി കല്പറ്റ പഴയ ബസ് സ്റ്റാന്‍!ഡില്‍ ബസ് കാത്തുനിന്ന അച്ഛനും പെണ്‍മക്കള്‍ക്കും നേരെ ടൗണില്‍ രാത്രി സര്‍വീസ് നടത്തിയ ചില ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ അതിക്രമം നടത്തിയ സംഭവത്തെ തുടര്‍ന്ന് ആര്‍.ടി.ഒ. ഉദ്യോഗസ്ഥര്‍ എച്ച്.ഐ.എം. യു.പി. സ്‌കൂളിന് സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍ പരിശോധന നടത്തി.

കല്പറ്റ ടൗണില്‍ സര്‍വീസ് നടത്താന്‍ അനുവാദമില്ലാത്ത ഓട്ടോറിക്ഷകള്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടുകയും അനധികൃതമായി സര്‍വീസ് നടത്തുകയും ചെയ്യുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രാത്രിയിലും ഇത്തരത്തില്‍ പെര്‍മിറ്റ് ഇല്ലാത്ത ഓട്ടോറിക്ഷകള്‍ കല്പറ്റ ടൗണില്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും ഇത്തരക്കാരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും ആരോപിച്ച് ട്രേഡ് യൂണിയനുകള്‍ രംഗത്തെത്തിയിരുന്നു. അതേസമയം പോലീസ് അന്വേഷണത്തില്‍ ബുധനാഴ്ചയും കാര്യമായ പുരോഗതിയുണ്ടായില്ല. സംഭവത്തില്‍ മൂന്നുപേരൊഴികെ ആരെയും അറസ്റ്റുചെയ്യാനായിട്ടില്ല.

പരിശോധനയില്‍ അനുവാദമില്ലാതെ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടുകയും സര്‍വീസ് നടത്തുകയും ചെയ്ത രണ്ട് ഓട്ടോറിക്ഷകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കല്പറ്റയില്‍ ഓട്ടോറിക്ഷകള്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍ ഇറങ്ങിപ്പോകുന്നതായി പരാതിയുണ്ട്. പരിശോധനയില്‍ ഇത്തരത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി കണ്ടെത്തിയ പത്ത് ഓട്ടോറിക്ഷകള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. ഡ്രൈവര്‍മാരില്ലാതെ ഓട്ടോറിക്ഷകള്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടരുതെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന ഓട്ടോറിക്ഷകളുടെ രേഖകളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ആര്‍.ടി.ഒ. വി. സജിത്ത്, ജോയന്റ് ആര്‍.ടി.ഒ. സി.വി.എം. ഷെരീഫ്, എം.വി.ഐ. വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

നമ്മള്‍ സമരത്തിലാണ് മനുഷ്യരായിരിക്കാന്‍:
പ്രതിഷേധവുമായി എസ്.എഫ്.ഐ.

അച്ഛനും പെണ്‍മക്കള്‍ക്കും നേരെ നടന്ന സദാചാര അതിക്രമത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ. വിദ്യാര്‍ഥിനി സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നമ്മള്‍ സമരത്തിലാണ് മനുഷ്യരായിരിക്കാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ജോബിസണ്‍ ജയിംസ് ഉദ്ഘാടനം ചെയ്തു എസ്.എഫ്.ഐ. മാതൃകം വിദ്യാര്‍ഥിനി സബ് കമ്മിറ്റി ജോ.കണ്‍വീനര്‍ രാഖി വിജയന്‍ അധ്യക്ഷത വഹിച്ചു. കെ.ആര്‍. ആര്യ, എന്‍.എസ്. വൈഷ്ണവി, റഷ്ബാന തന്‍സി എന്നിവര്‍ സംസാരിച്ചു

മുഴവന്‍ പ്രതികളെയും അറസ്റ്റുചെയ്യണം- ബി.ജെ.പി.


സദാചാര പോലീസ് ചമഞ്ഞ് അച്ഛനെയും പെണ്‍മക്കളെയും അപമാനിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്ത മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി. കല്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രാത്രിയില്‍ പോലീസ് സുരക്ഷ ശക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആരോട രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.ആര്‍. ബാലകൃഷ്ണന്‍, ടി.എം. സുബീഷ്, മുകുന്ദന്‍ പള്ളിയറ, എം.വി. സുകുമാരന്‍, വി.കെ. ശിവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.