കല്പറ്റ: ജില്ലയിലെ കൊടും ചൂടിന് ആശ്വാസമായെത്തിയ വേനല്‍മഴ ക്ഷീര കാര്‍ഷിക മേഖലയ്കും പ്രതീക്ഷ നല്‍കുന്നു. വേനല്‍ കടുത്തതോടെ, സംസ്ഥാനത്ത് പാല്‍ ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്തുള്ള ജില്ലയില്‍ ഈ വര്‍ഷം പാല്‍ ഉത്പാദനത്തില്‍ ക്രമാതീതമായ കുറവാണ് വന്നിട്ടുളളത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ജില്ലയില്‍ നിന്ന് 11408630 ലിറ്റര്‍ പാല്‍ ലഭിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 11022157 ലിറ്റര്‍ പാലാണ് ലഭിച്ചത്. ഒരു ദിവസം 12882.43 ലിറ്റര്‍ എന്ന നിലക്ക് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ആകെ 386473 ലിറ്റര്‍ ഉത്പാദനം കുറഞ്ഞു.

56 ക്ഷീരസംഘങ്ങള്‍ ജില്ലയിലുണ്ട്. കടുത്ത ചൂട്, വരള്‍ച്ച, പച്ചപ്പുല്ലിന്റെ ലഭ്യത കുറവ്, എന്നതിനൊപ്പം കുടിക്കാനുളള വെളളത്തിന്റെ കുറവുമാണ് പാലിന്റെ അളവില്‍ കുറവ് വരുത്തിയത്. ഒരു ദിവസം പശുവിന് ഏകദേശം 60 മുതല്‍ 120 ലിറ്റര്‍ വെളളം വരെ ആവശ്യമുണ്ട്. വെളളത്തിന്റെ ലഭ്യത കുറഞ്ഞതാണ് പാല്‍ ഉത്പാദനത്തെ സാരമായി ബാധിച്ചത്. എന്നാല്‍ വേനല്‍ മഴ പെയ്തതോടെ ഉത്പാദനം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കല്പറ്റ ക്ഷീര കര്‍ഷക ഓഫീസര്‍ വി.എസ്. ഹര്‍ഷ പറഞ്ഞു. ഇതോടെ ഇതുവരെയുണ്ടായ കുറവ് നികത്താനാവും.

പശുക്കളുടെ വേനല്‍ക്കാല സംരക്ഷണത്തിനായി സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ കുറവായതും ക്ഷീര കര്‍ഷകര്‍ക്ക് പ്രഹരമായിട്ടുണ്ട്. കേന്ദ്ര സഹായത്തോടെ ഒരു പശുവിന് ഒരു ദിവസത്തേക്ക് ഏഴുപതു രൂപയുടെ സഹായം എന്ന പദ്ധതി പ്രഖ്യാപിച്ചെങ്കിലും നടപ്പിലാക്കിയിട്ടില്ല. ക്ഷീര സംഘങ്ങള്‍ മുന്‍കയ്യെടുത്തുളള പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് വേനല്‍ക്കാലത്ത് കര്‍ഷകര്‍ക്ക് ആശ്വാസമേകുന്നത്. വൈക്കോലിന് സബ്‌സിഡി, പാലിന് അധിക വില, പശുവിന് ചികിത്സാസഹായം, ഇന്‍ഷൂറന്‍സ് സബ്‌സിഡി എന്നിവ സംഘങ്ങള്‍ നല്‍കുന്നുണ്ടെന്ന് ബത്തേരി ക്ഷീരസംഘം സെക്രട്ടറി പി.പി. വിജയന്‍ പറഞ്ഞു. വിഷുവിന് ശേഷം മഴ ലഭിച്ചത് പാല്‍ ഉത്പാദത്തിന്റെ അളവ് കൂട്ടാന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ ആളുകള്‍ ഈ രംഗത്തേക്ക് വരാത്തതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.