മാനന്തവാടി: കോണ്‍ഗ്രസ് പ്രാദേശിക നേതാവിനുനേരേ ഇരുട്ടിന്റെ മറവില്‍ അജ്ഞാതന്റെ ആക്രമണം. വെള്ളമുണ്ട കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റും മംഗലശ്ശേരി വനസംരക്ഷണസമിതി പ്രസിഡന്റുമായ വെള്ളമുണ്ട മംഗലശ്ശേരി പീടികയില്‍ വിജയനാണ് (47) പരിക്കേറ്റത്.
 
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് വിജയനുനേരേ ആക്രമണമുണ്ടായത്. രാത്രി സുഹൃത്തിന്റെ ബൈക്കിലെത്തിയശേഷം കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഏച്ചികൊല്ലിക്ക് സമീപം ഒരാള്‍ വടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നെന്ന് ജില്ലാ ആസ്​പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിജയന്‍ പറഞ്ഞു.
 
ബഹളംകേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും അക്രമി ഓടിമറിഞ്ഞു. വിജയന്റെ തലയ്ക്കും കൈകള്‍ക്കും വയറിനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. വെള്ളമുണ്ട പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

അന്വേഷണം നടത്തണം

പനമരം:
കോണ്‍ഗ്രസ് വെള്ളമുണ്ട വാര്‍ഡ് പ്രസിഡന്റ് വിജയനെ വധിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് പനമരം ബ്ലോക്ക് കമ്മിറ്റി അവശ്യപ്പെട്ടു. പ്രസിഡന്റ് കെ.ജെ. പൈലി അധ്യക്ഷത വഹിച്ചു.