മാനന്തവാടി: വ്യാപാരികള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ ഏകോപനസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ ഹാളില്‍ വ്യാപാരികളുടെ യോഗം ചേര്‍ന്നു. കട അടച്ചിടാനോ മറ്റോ ഒരു നിര്‍ദേശവും നല്‍കാതെ നടത്തിയയോഗം വ്യാപാരികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കിലും ഇത് അവഗണിച്ചാണ് 400- ലധികംപേര്‍ യോഗം നടക്കുന്ന ടൗണ്‍ ഹാളിലെത്തിയത്. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ നേതാക്കള്‍ ഭൂരിഭാഗംപേരും യോഗത്തിലുണ്ടായിരുന്നു.

യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി സി. അബ്ദുള്‍ ഖാദര്‍ ബത്തേരി ഉദ്ഘാടനം ചെയ്തു. ജനാധിപത്യരീതിയില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്നവര്‍ മാനന്തവാടിയില്‍ സംഘടനയെ നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് തിരഞ്ഞെടുപ്പ് ഡിസംബര്‍ ഒമ്പതിനുനടക്കും. ഇപ്പോള്‍ ജില്ലാ കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുള്ള വോട്ടര്‍ പട്ടികയിലെ അപാകങ്ങള്‍ പരിഹരിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

ഇവയൊക്കെ പൂര്‍ണമായും പരിഹരിച്ചശേഷമാണ് തിരഞ്ഞെടുപ്പ് നടത്തുകയെന്ന് ജില്ലാ, സംസ്ഥാന നേതാക്കള്‍ ഉറപ്പുനല്‍കി. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മാനന്തവാടി യൂണിറ്റ് പിരിച്ചുവിട്ട നടപടി സംസ്ഥാന പ്രസിഡന്റ് സ്റ്റേ ചെയ്തുവെന്ന പ്രചരണം ശരിയല്ലെന്നും സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോടെ തന്നെയാണ് മാനന്തവാടി യൂണിറ്റ് പിരിച്ചുവിട്ടതെന്നും നേതാക്കള്‍ പറഞ്ഞു. ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ ജന. സെക്രട്ടറി ഒ.വി. വര്‍ഗീസ്, നേതാക്കളായ കുഞ്ഞിരായിന്‍ ഹാജി, ജോജില്‍ ടി. ജോയി, വിജയന്‍ കുടിലില്‍, ഇ. ഹൈദ്രു, കെ.ടി. ഇസ്മായില്‍, മത്തായി ആതിര, പി.യു. മത്തായി, മുജീബ് ചുണ്ടേല്‍, ഇ.ടി. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

വ്യാപാരി വ്യവസായി ഏകോപാന സമിതിയുടെ മാനന്തവാടിയിലെ യൂണിറ്റായ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ പിരിച്ചുവിട്ടതായി ജില്ലാനേതൃത്വം അറിയിച്ചിരുന്നു. ഇതിനുശേഷമാണ് മാനന്തവാടിയില്‍ ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ജില്ലാ നേതൃത്വത്തിന്റെ പിരിച്ചുവിടല്‍ അംഗീകരിക്കുന്നില്ലെന്ന നിലപാടാണ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ഉസ്മാനും അനുയായികളും സ്വീകരിക്കുന്നത്. ഏകോപന സമിതി വ്യാപാരികള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുന്നതായി കഴിഞ്ഞദിവസം ഇവര്‍ ആരോപിച്ചിരുന്നു.

മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുന്‍ ജനറല്‍സെക്രട്ടറി കെ. മുഹമദ് ആസിഫ് നേതൃത്വം നല്‍കുന്ന പക്ഷവും കെ. ഉസ്മാന്‍ നേതൃത്വം നല്‍കുന്ന പക്ഷവുമായി മാനന്തവാടിയില്‍ ഇപ്പോള്‍ വ്യാപാരികള്‍ രണ്ടു തട്ടിലാണ്.