മാനന്തവാടി: സ്വദേശിവത്കരണത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികള്‍ ചേര്‍ന്ന് നെല്‍ക്കൃഷി പ്രോത്സഹിപ്പിക്കുന്നതിന് നടത്തിയ കമ്പളനാട്ടി ഒരു നാട്ടിന്റെ ഉത്സവമായി. മാനന്തവാടി നഗരസഭാ പരിധിയിലെ 10 പ്രവാസികള്‍ ചേര്‍ന്ന് രൂപവത്കരിച്ച കബനി ഓര്‍ഗാനിക്ക് ഫാം റിസോട്ടിന്റെ നേതൃത്വത്തില്‍ പയ്യമ്പള്ളി മൂട്രക്കൊല്ലി പുളിക്കല്‍ പാടത്താണ് കൃഷിചെയ്യുന്നത്.

ഏഴ് വര്‍ഷമായി തരിശായി കിടക്കുന്ന എട്ടര ഏക്കര്‍ വയലിലാണ് കൃഷി. ഇതില്‍ രണ്ടര ഏക്കര്‍ സ്ഥലം പാട്ടത്തിന് എടുത്തതും ബാക്കി പ്രവാസി ഗ്രൂപ്പിന്റേതുമാണ്. ആതിര, ഗന്ധകശാല, വൈശാഖ്, പൊന്നി നെല്‍വിത്തുകളാണ് കൃഷി ചെയ്തത്. പാരമ്പര്യ നെല്‍വിത്ത് സംരക്ഷകനായ ചെറുവയല്‍ രാമന്റെ ഉപദേശപ്രകാരമാണ് കൃഷിചെയ്യുന്നത്. പ്രവാസികളായ സി.എ. തോമസ് ചിറക്കല്‍ (ബാബു), ബിനു ജോര്‍ജ്, രാജേഷ് ജോര്‍ജ്, സാബു ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി. അരി പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് നല്‍കും. ഗുണമേന്മയുള്ളതെന്ന് കണ്ടെത്തിയാല്‍ ബ്രാന്‍ഡ്‌ചെയ്ത് വില്‍ക്കാനും ഗ്രൂപ്പിന് പദ്ധതിയുണ്ട്. ജൈവപച്ചക്കറി കൃഷിചെയ്യാനും ഇവര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

കമ്പളനാട്ടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് ഞാറുനട്ട് ഉദ്ഘാടനം ചെയ്തു. ചെറുവയല്‍ രാമന്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭ കൗണ്‍സിലര്‍മാരായ ഷീജ ഫ്രാന്‍സിസ്, മഞ്ജുള അശോകന്‍, ശോഭന യോഗി, പാടശേഖര പ്രതിനിധികളായ പി.വി. സുരേന്ദ്രന്‍, കമ്മന മോഹനന്‍, സാബു പൊന്നിയില്‍ എന്നിവര്‍ സംസാരിച്ചു. 65 സ്ത്രീകളും 15 പുരുഷന്മാരും ചേര്‍ന്ന് ഒരു ദിവസം കൊണ്ടുതന്നെ നാട്ടി പൂര്‍ത്തിയാക്കി. കമ്പളനാട്ടി കാണാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ എത്തിയിരുന്നു.