മാനന്തവാടി: കാലാവസ്ഥാ വ്യതിയാനവും മഴയുടെ ലഭ്യതക്കുറവും കര്‍ഷകരില്‍ ആശങ്കയുളവാക്കുന്നു. വെള്ളമുണ്ട, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കക്കടവ് പുഴയില്‍ ജലനിരപ്പു കുറഞ്ഞതാണ് പ്രദേശത്തെ കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നത്.

മുന്‍കാലങ്ങളില്‍ ഇടവപ്പാതി കഴിയുന്നതോടെ കക്കടവ് പുഴ കരകവിയാറുണ്ടായിരുന്നു. ബാണാസുര സാഗര്‍ അണക്കെട്ടിനു താഴെ വാരാമ്പറ്റ മുതല്‍ പനമരംപുഴവരെയുള്ള ഭാഗങ്ങളിലായി ആയിരക്കണക്കിനു കുടുംബങ്ങളാണ് കൃഷിചെയ്തു ജീവിക്കുന്നത്.

പുതുശ്ശേരിക്കടവ്, കക്കടവ്, ചേര്യംകൊല്ലി നിവാസികള്‍ കക്കടവ് പുഴയെ ആശ്രയിച്ചാണ് നെല്‍ക്കൃഷിചെയ്യുന്നത്. മുമ്പ് ഇടവപ്പാതിമുതല്‍ വൃശ്ചികംവരെ നിറയാറുണ്ടായിരുന്ന പുഴയുടെ നീരൊഴുക്ക് ഈ കര്‍ക്കടക മാസത്തില്‍ നിലച്ച മട്ടാണ്.

ബാണാസുര അണക്കെട്ടാണ് പുഴയുടെ ജലവിതാനം ഉയരുന്നതിനു തടസ്സമാകുന്നെതെന്നാണ് ആക്ഷേപം.

ഈ വര്‍ഷം നല്ല മഴ ലഭിക്കുമെന്നു കരുതിയ കര്‍ഷകര്‍ നെല്‍പ്പാടങ്ങളില്‍ ഞാറ്റടികള്‍ തയ്യാറാക്കിയെങ്കിലും മഴ ലഭിക്കാത്തതിനാല്‍എങ്ങനെ നടുമെന്ന പ്രയാസത്തിലാണ്.

വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്തിലെ പാലിയാണ, കക്കടവ്, കരിങ്ങാരി, കൊമ്മയാട്, കാരയ്ക്കാമല പാടശേഖരങ്ങളിലാണ് നെല്‍ക്കൃഷിക്ക് ആവശ്യത്തിനു വെള്ളം ലഭിക്കാത്തത്.

മഴ കുറഞ്ഞാല്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ പൂര്‍ണമായി അടയ്ക്കുകയാണ് പതിവ്. ഇത് കക്കടവുപുഴയില്‍ ജലനിരപ്പ് കുറയുന്നതിനു കാരണമാവും. എന്നാല്‍ കാലവര്‍ഷം ശക്തമാകുന്നതോടെ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത് സമീപ പ്രദേശങ്ങളിലെ വയലുകള്‍ വെള്ളത്തില്‍ മുങ്ങുന്നതിനും കാരണമാകും.

ജില്ലയിലെ വിവിധ അണക്കെട്ടുകളില്‍ സംഭരിക്കുന്ന വെള്ളം വയനാടന്‍ കര്‍ഷകര്‍ക്ക് ഉപകാരപ്പെടുന്നതരത്തില്‍ വിനിയോഗിക്കണമെന്ന ആവശ്യമുയരുന്നുണ്ട്.

ബാണാസുരസാഗര്‍ അണക്കെട്ടില്‍ നിന്ന് കക്കയം ഡാമിലേക്ക് തുരങ്കം വഴി കൊണ്ടുപോകുന്ന വെള്ളം കര്‍ഷകര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ കക്കടവ് പുഴയിലേക്ക് തുറന്നുവിടാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് പാലിയാണ പൗരസമിതിയും ആവശ്യപ്പെടുന്നു.