കോളേരി: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ചുറ്റുമതിലിടിഞ്ഞ് വീണ് സമീപത്തെ വീടിന് നാശം. കളമ്പാട്ടുമഠത്തില്‍ സുധിമോന്റെ വീട്ടുവളപ്പിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്. വീടിന്റെ ഭിത്തിക്കും മതിലിനും കേടുപാടു പറ്റുകയും കുടിവെള്ളപൈപ്പുകള്‍ പൊട്ടിപ്പോവുകയും ചെയ്തു.

മതിലിന്റെ ബലക്ഷയം സംബന്ധിച്ച് സുധിമോന്‍ കളക്ടറടക്കമുള്ളവര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി പരാതികള്‍ നല്‍കിയിരുന്നു. ഈ മതിലിടിഞ്ഞാല്‍ തന്റെ വീടിന് ഭീഷണിയാകുമെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. തിങ്കളാഴ്ച അര്‍ധരാത്രിയോടുകൂടി മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു.
 
ഭാഗ്യംകൊണ്ടുമാത്രമാണ് മതിലിനോടുചേര്‍ന്നുനിന്ന വന്‍ മരം നിലംപതിക്കാതിരുന്നത്. മതിലിന്റെ ബാക്കി ഭാഗവും മരവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാര്‍ വീണ്ടും പരാതി നല്കിയിട്ടുണ്ട്.