സുല്‍ത്താന്‍ബത്തേരി: കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് അയ്യപ്പഭക്തരുമായെത്തിയ വ്യാജ രജിസ്‌ട്രേഷനിലുള്ള ടൂറിസ്റ്റ് ബസ് മുത്തങ്ങ ആര്‍.ടി. ചെക്ക് പോസ്റ്റില്‍ പിടികൂടി. മൈസൂരുവില്‍ നിന്നെത്തിയ KA-23-A-151 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലെത്തിയ ബസ്സാണ് പിടികൂടിയത്.

കേരളാതിര്‍ത്തി കടക്കുന്നതിനായി മുത്തങ്ങയിലെ ചെക്ക് പോസ്റ്റില്‍ നല്‍കിയ രേഖകളില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബസ് വ്യാജരജിസ്‌ട്രേഷനിലുള്ളതാണെന്ന് കണ്ടെത്തിയത്. ബസ്സിന്റെ ചെയിസ് നമ്പറും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ ചെയിസ് നമ്പറും വ്യത്യസ്തമായിരുന്നു.

ഇതേത്തുടര്‍ന്ന് ദേശീയ വെബ് സൈറ്റായ vahan.nic.in -ല്‍ പരിശോധിച്ചപ്പോള്‍, ഈ ചെയിസ് നമ്പറുകളിലുള്ളത് വാഹനം KA-34-4388 എന്ന രജിസ്‌ട്രേഷനിലുള്ളതാണെന്ന് കണ്ടെത്തി. ഈ വാഹനം 1,08,400 രൂപ നികുതി കുടിശ്ശിക മുത്തങ്ങ ചെക്ക് പോസ്റ്റില്‍ അടയ്ക്കാനുണ്ട്.

ബസും ഡ്രൈവര്‍ മൈസൂരു സ്വദേശി വേദമൂര്‍ത്തിയെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ശേഷം ബത്തേരി പോലീസിന് കൈമാറി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. അമ്പതോളം ശബരിമല തീര്‍ഥാടകരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ബസ് കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്ന് അയ്യപ്പഭക്തര്‍ മറ്റൊരു വാഹനം വിളിച്ചുവരുത്തി യാത്ര തുടര്‍ന്നു.

എം.വി.െഎ.മാരായ എസ്. ഫ്രാന്‍സിസ്, പി.ആര്‍. മനു, എം.എം.വി.െഎ.മാരായ വി.എസ്. സൂരജ്, കെ. ഡിവിന്‍, ജിന്‍സ് ജോര്‍ജ്, ഷബീര്‍ മുഹമ്മദ്, ഓഫീസ് അസിസ്റ്റന്റുമാരായ എം.വി. അനില്‍ കുമാര്‍, വി.ടി. ബിജു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി ബസ് കസ്റ്റഡിയിലെടുത്തത്. ഒരു മാസം മുമ്പ് കാട്ടിക്കുളം ആര്‍.ടി. ചെക്ക് പോസ്റ്റിലും സമാനരീതിയില്‍ വ്യാജരജിസ്‌ട്രേഷനിലെത്തിയ ടൂറിസ്റ്റ് ബസ് പിടികൂടിയിരുന്നു.

പരിശോധ ശക്തമാക്കും

അന്യസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങളുടെ സാങ്കേതിക പരിശോധനയും നികുതി കുടിശ്ശിക പിരിച്ചെടുക്കല്‍ നടപടികളും ശക്തമാക്കും. -,എസ്. മനോജ് (വയനാട് ജോയന്റ് ആര്‍.ടി.ഒ)