കല്പറ്റ: മലേഷ്യയില്‍ ജോലി വാഗ്ദാനംചെയ്ത് പാലക്കാട് സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കണിയാമ്പറ്റ സ്വദേശി തുളസീദാസ് (41) ആണ് പിടിയിലായത്. ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയതിന് ഇയാളുടെ പേരില്‍ ഒട്ടേറെ കേസുകള്‍ നിലവിലുണ്ട്. ഇതില്‍ ഒരുകേസില്‍ മൂന്നുമാസംമുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

മലേഷ്യയില്‍ ജോലി വാഗ്ദാനംചെയ്താണ് യുവതിയെയും പരിചയപ്പെട്ടത്. കല്പറ്റയിലേക്ക് യുവതിയെ വിളിച്ചുവരുത്തിയതിനുശേഷം കാറില്‍ മൈസൂരുവിലെത്തിച്ച് പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. കല്പറ്റ സി.ഐ. ടി.പി. ജേക്കബ്, എസ്.ഐ. എ.യു. ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ജോലി വാഗ്ദാനംചെയ്ത് ആറുപേരില്‍നിന്നായി 6.25 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നേരത്തെ ഇയാള്‍ അറസ്റ്റിലായത്. കല്പറ്റ, മാനന്തവാടി, പനമരം, ആലുവ, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും ഇയാള്‍ക്കെതിരേ കേസുണ്ടെന്ന് പോലീസ് പറഞ്ഞു.