കല്പറ്റ: സംസ്ഥാനത്തെ വയോധികരെ സഹായിക്കാന്‍ നവസാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് ആരോഗ്യ-സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കല്പറ്റയില്‍ ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വയോജന ക്ഷേമപദ്ധതിയായ പുനര്‍ജനി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വിദേശരാജ്യങ്ങളില്‍ വീടുകളിലും മറ്റും കഴിയുന്ന വയോധികര്‍ സ്വിച്ചിട്ടാല്‍ അവരുടെ പക്കല്‍ ഭക്ഷണവും മരുന്നും മറ്റും എത്തുന്ന സംവിധാനമുണ്ട്. അത്തരം കാര്യങ്ങള്‍ ഇവിടെയും നടപ്പാക്കാന്‍ പറ്റുമോയെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത് നടപ്പാക്കാന്‍ പറ്റുമോയെന്ന് ആലോചിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജീവിതരീതി മാറിയതോടെ അണുകുടുംബങ്ങളാവുകയും ദരിദ്രരെന്നും സമ്പന്നരെന്നും വ്യത്യാസമില്ലാതെ എല്ലായിടത്തും പ്രായമായവര്‍ ഒറ്റപ്പെടുകയും ചെയ്തു. എല്ലായിടത്തും ആധുനിക സൗകര്യമുണ്ട്. എന്നാല്‍ സ്‌നേഹം മാത്രമില്ല. സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ മിക്കതിന്റെയും സ്ഥിതി പരിതാപകരമാണ്. ഇത് പരിശോധിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ കമ്മിഷനെ നിയമിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നടത്തുന്ന വൃദ്ധമന്ദിരങ്ങളില്‍ 40 പേര്‍ക്ക് താമസിക്കാന്‍ പറ്റുന്നിടത്ത് 60-70 പേരാണുള്ളത്. ഈ സ്ഥിതി മാറ്റാന്‍ ശ്രമം നടത്തിവരികയാണ്. ഒരു വര്‍ഷം ഒരു ജില്ലയിലെ ഒരു വൃദ്ധസദനം നന്നാക്കാനാണ് പദ്ധതി.

'വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദരം' എന്ന പേരില്‍ പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ 70 പകല്‍വീടുകള്‍ തുടങ്ങും. നഗരസഭകളില്‍ 87 വയോമിത്രം പദ്ധതികള്‍ നടപ്പാക്കും. ഇതില്‍ 13 നഗരസഭകളില്‍ പരിപാടി ഈവര്‍ഷം തുടങ്ങും. ആയുര്‍വേദ മരുന്നുകള്‍ നല്കുന്ന വയോ അമൃതം പദ്ധതി വ്യാപിപ്പിക്കും. അങ്കണവാടികളില്‍ പ്രായം ചെന്നവര്‍ എത്തി കുട്ടികളുമായി സംവദിക്കുന്ന പരിപാടി പുനരാരംഭിക്കാനും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷനായി. ഒ.ആര്‍. കേളു എം.എല്‍.എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത്, കല്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ സി.കെ. സഹദേവന്‍, മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ശകുന്തള ഷണ്മുഖന്‍, ടി.എസ്. ദിലീപ് കുമാര്‍, ലതാശശി, പ്രീതാരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.