കല്പറ്റ: കേരളത്തിലെ അമ്മമാര്‍ വിചാരിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വഴിനടക്കില്ലെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട് കൊല്ലപ്പെട്ട വിമലാദേവിയുടെ ചിതാഭസ്മവും വഹിച്ചുകൊണ്ടുള്ള ചിതാഭസ്മ നിമജ്ജന യാത്രയ്ക്ക് കല്പറ്റയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പിണറായി വിജയനെ തടഞ്ഞാല്‍ ബി.ജെ.പി. നേതാക്കളെ വഴിനടത്തില്ലെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. സി.പി.എമ്മിന് രാജ്യത്താകെ നാലു ശതമാനം വോട്ടും കേരളത്തില്‍നിന്ന് അഞ്ച് എം.പി. മാരുമാണുള്ളത്. ആ പാര്‍ട്ടിയാണ് 278 എം.പി.മാരുള്ള പാര്‍ട്ടിയെ ജീവിക്കാനനുവദിക്കില്ലെന്ന് പറയുന്നത്. 11 കോടി അംഗങ്ങളും കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ പ്രവര്‍ത്തകരുമുള്ള ബി.ജെ.പി.യെയാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ എതിര്‍ക്കാന്‍ നോക്കുന്നത്.

പള്‍സര്‍ സുനിയുടെ നഷ്ടപ്പെട്ട മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ പോലീസ് ബുദ്ധിമുട്ടേണ്ടെന്നും കോടിയേരി ബാലകൃഷ്ണനോട് ചോദിച്ചാല്‍ മൊബൈല്‍ഫോണ്‍ കിട്ടുമെന്നും അവര്‍ പറഞ്ഞു. ഡി.ജി.പി. സെന്‍കുമാറിനോട് കളിച്ചതുപോലെ
ബി.ജെ.പിയോട് കളിക്കാന്‍നോക്കണ്ട. കെ.എസ്.യുക്കാരെ മൃഗീയമായിഅക്രമിക്കുമ്പോള്‍ പോലും ചെറുവിരല്‍ അനക്കാന്‍ കഴിയാത്ത പ്രതിപക്ഷമാണ് കേരളത്തിലേത്. ഹിറ്റ്‌ലര്‍ ആവാതെ മന്യുഷ്യനായി

ജീവിക്കാന്‍ പിണറായി ശീലിക്കണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. മാതൃശാപം കമ്യൂണിസത്തെ കേരളത്തില്‍നിന്നും തുടച്ചുനീക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല പറഞ്ഞു.

വിമലാദേവിയെ ചുട്ടുകൊന്നതിലൂടെ തങ്ങളുടെ അസുരസ്വഭാവം അവര്‍ പുറത്തെടുത്തു. കമ്യൂണിസത്തിന്റെ ചരിത്രം തന്നെ രക്തപങ്കിലമാണ്. ലോകത്താകമാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെട്ട കമ്യൂണിസത്തിന്റെ അവസാനത്തെ തുരുത്താണ് കേരളം. വൈകാതെ കേരളത്തിലെ ജനങ്ങളും ഇതിനെ തൂത്തെറിയും.

മാതൃദേവോ ഭവ എന്ന് ചിന്തിക്കുന്നവരുടെ നാട്ടിലാണ് ഒരമ്മയെ ചുട്ടുകരിച്ചത്. ഇതിനെതിരെ പ്രതികരിക്കാന്‍ സാംസ്‌കാരിക നായകന്‍മാരോ ബുദ്ധിജീവികള്‍ എന്ന് സ്വയം അവകാശപ്പെടുന്ന കൂലിയെഴുത്തുകാരോ തയ്യാറായില്ല. ഇല്ലാത്ത കാര്യങ്ങള്‍ ഊതിപ്പെരുപ്പിച്ച് പ്രതികരിക്കുന്ന ഇത്തരം ആളുകള്‍ സി.പി.എമ്മിന്റെ ചട്ടുകങ്ങളാണെന്നും അവര്‍ പറഞ്ഞു.

മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആശാ ഷാജി അധ്യക്ഷതവഹിച്ചു. ജയാ സദാനന്ദന്‍, ജയാ രവീന്ദ്രന്‍, ബി.ജെ.പി. സംസ്ഥാന കൗണ്‍സിലംഗം ശാന്തകുമാരി, ബി. രാധാമണി, ശ്രീലതാ ബാബു, ശോഭാ രാജന്‍, അനിതാ തിലകാനന്ദ്, ഷീബ ഉണ്ണികൃഷ്ണന്‍, തുടങ്ങിയവര്‍ സംസാരിച്ചു.