കല്പറ്റ: ജില്ലയിലെ മാര്‍ക്കറ്റുകളില്‍ മത്സ്യത്തിന് തോന്നിയവില ഈടാക്കുന്നതായി വ്യാപകപരാതി. ഇതുമൂലം വിലകുറച്ച് റോഡരികില്‍ മത്സ്യം വില്‍ക്കുന്നവര്‍ക്കാണ് ചാകര.
വന്‍തോതിലാണ് വിലവ്യത്യാസമുള്ളത്. കല്പറ്റയിലെയും സമീപ പഞ്ചായത്തായ മുട്ടിലിലെയും വില പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. കല്പറ്റ മാര്‍ക്കറ്റില്‍ അയില വലുത് -200, ചെറുത് -100-120, പൊടി മാന്തള്‍ -100, കോര -140, മത്തി -80-100, ആവോലി -240, 400 എന്നിങ്ങനെയായിരുന്നു വില. വഴിയോര വ്യാപാരത്തില്‍ അയില വലുത് -180, ചെറുത് -80, ആവോലി -360, കണ്ണന്‍ അയില -100, അയ്ക്കൂറ -360, ചെമ്പല്ലി -140, ചെമ്മീന്‍ -260, വറ്റ -140 എന്നിങ്ങനെയും.
മുട്ടിലില്‍ ചെറിയ അയിലയ്ക്ക് -50, വലുതിന് -140, കോര -100, ആവോലി വലുത് -350, ചെറുത് -280 എന്നിങ്ങനെയും. ബത്തേരിയില്‍ അയില -100, ആവോലി -240, അയ്ക്കൂറ -260, വലുത് -660, മത്തി -100, സ്രാവ് -360 ആണ് വില.
കല്പറ്റയില്‍ വഴിയോരവില്പനക്കാര്‍ക്ക് തിരക്കുകൂടിയപ്പോള്‍ ഇവരുടെ കച്ചവടം നഗരസഭ പൂട്ടിച്ചു. വൃത്തിയുടെ പേരിലാണ് റോഡരികില്‍ മത്സ്യം വില്ക്കുന്നവരെ തടഞ്ഞത്. മാര്‍ക്കറ്റിനുള്ളില്‍ത്തന്നെ പല വിലയാണ് ഒരേയിനത്തിന് ഈടാക്കുന്നതെന്ന് പരാതിയുണ്ട്.
മാര്‍ക്കറ്റിലേക്ക് മത്സ്യമെത്തുന്നത് മംഗലാപുരം, മദ്രാസ് എന്നിവിടങ്ങളില്‍നിന്നാണ്. കല്പറ്റയിലൊഴികെ മറ്റെല്ലായിടത്തും വഴിയോരങ്ങളില്‍ മത്സ്യവില്പന സജീവമാണ്. ഇവിടങ്ങളിലൊക്കെ ആവശ്യക്കാരേറെ എത്തുന്നുമുണ്ട്. കോഴിക്കോട്ടുനിന്ന് അന്നന്നുവേണ്ട മത്സ്യം എത്തിച്ചുവില്‍ക്കുന്നവരും കല്പറ്റയിലുണ്ട്. ഇവിടങ്ങളില്‍ മാര്‍ക്കറ്റിനേക്കാള്‍ വന്‍ കുറവാണുതാനും.
ഉച്ചമീന്‍, സായാഹ്ന മീന്‍ എന്നിങ്ങനെ ബോര്‍ഡുകളും മറ്റും സ്ഥാപിച്ച് രാത്രിവൈകിയും പ്രവര്‍ത്തിക്കുന്നതാണ് വഴിയോര മീന്‍കച്ചവടം. ഇവിടങ്ങളില്‍ മിക്കപ്പോഴും വന്‍ തിരക്കാണ്. വിലക്കുറവും വൃത്തിയും മാത്രമല്ല, വഴിയോരകച്ചവടത്തിന്റെ പ്രത്യേകത. ചെമ്മീന്‍ ഉള്‍പ്പെടെയുള്ള മീനുകള്‍ നന്നാക്കി നല്കുന്നതും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. നഗരസഭ കഴിഞ്ഞദിവസം പൂട്ടിച്ച വഴിയോര മത്സ്യക്കടകളില്‍ ചിലത് തിങ്കളാഴ്ച പുനരാരംഭിച്ചു.