കല്പറ്റ: ക്രിസ്മസ്-പുതുവത്സരക്കാലത്ത് ജില്ലയില്‍ പൊതുവിപണിയിലും ഹോട്ടലുകളിലും പഴയ സാധനങ്ങള്‍ വിറ്റഴിച്ചു. സിവില്‍ സപ്ലൈസ്, റവന്യൂ, പോലീസ് വകുപ്പുകളുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ചിലയിടങ്ങളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഒറ്റയ്ക്കും പരിശോധന നടത്തി. എന്നാല്‍ ചില ഹോട്ടലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടിയെടുത്തുവെന്ന് പറയുന്നതല്ലാതെ ഏതൊക്കെ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടിയെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതുകാരണം പൊതുജനങ്ങള്‍ വീണ്ടും പഴകിയഭക്ഷണം നല്കുന്ന ഹോട്ടലുകളെയും സാധനങ്ങള്‍ വില്ക്കു ന്ന കടകളെയും ആശ്രയിക്കുന്നു.

കഴിഞ്ഞദിവസം മാനന്തവാടിതാലൂക്കിലെ വിവിധ ഭാഗങ്ങളില്‍ പൊതുവിപണിയില്‍ ഹോട്ടല്‍, ബേക്കറി, പലചരക്ക് സ്ഥാപനങ്ങള്‍ എന്നിങ്ങനെ 43 ഇടങ്ങളില്‍ പരിശോധന നടത്തി. 14 സ്ഥാപനങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ സ്ഥാപനങ്ങള്‍ ഏതാണെന്ന് പൊതുജനങ്ങളില്‍നിന്ന് മറച്ചുവെച്ചു. വരും ദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പുനല്കുകയും ചെയ്തിട്ടുണ്ട്.
 
കല്പറ്റ നഗരസഭ ഇക്കാലയളവില്‍ നടത്തിയ ഹോട്ടല്‍ പരിശോധനയില്‍ 11 ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തിരുന്നു. വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടത്തുന്ന ഹോട്ടലുകളിലാണ് ഇത്തരം ക്രമക്കേട് കണ്ടെത്തിയത്. പഴകിയഭക്ഷണം വിറ്റ് നടപടിയെടുത്ത ഹോട്ടലുകള്‍ ഏതൊക്കയാണെന്ന് വ്യക്തമായി വെളിപ്പെടുത്താന്‍ നഗരസഭ തയ്യാറായിരുന്നില്ല.
 
ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരും ഹോട്ടലുകളും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയതായി വ്യാപകമായി ആരോപണം ഉയര്‍ന്നിരുന്നു. ചില ഹോട്ടലുകളില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നതായും പരാതിയുണ്ട്. ഇതിനെതിരെ നേരത്തെ ചില സംഘടനകള്‍ രംഗത്തുവന്നുവെങ്കിലും നിയന്ത്രിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
 
വിനോദസഞ്ചാരികളെയാണ് ഇത്തരം ഹോട്ടലുകള്‍ പിഴിയുന്നത്. പൊതുവിപണിയിലും പലതിനും അധിക വിലയാണ് ഈടാക്കുന്നത്. അരിയുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് പലയിടത്തും പല വിലയാണ്. ഇത് പരിശോധിക്കാനോ നിയന്ത്രിക്കാനോ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.