കല്‍പ്പറ്റ : ജമ്മുകശ്മീരിലെ കഠുവ ജില്ലയില്‍ കൂട്ടബലാത്സംഗത്തിനിരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ജില്ലയില്‍ നടത്തിയ അപ്രഖ്യാപിത ഹര്‍ത്താല്‍ ജനങ്ങളെ വലച്ചു. ബാലികയ്ക്ക് നീതിലഭ്യമാക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഒരു വിഭാഗം ഹര്‍ത്താല്‍ നടത്തിയത്. ഞായറാഴ്ച മുതല്‍ സാമൂഹികമാധ്യമങ്ങളില്‍ ഹര്‍ത്താലുണ്ടാവുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും ആരും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ടൗണിലെത്തിയ ജനം അപ്രഖ്യാപിത ഹര്‍ത്താലില്‍ നട്ടംതിരിഞ്ഞു. വാഹനങ്ങള്‍ തടഞ്ഞും ബലമായി കടകള്‍ അടപ്പിച്ചുമാണ് ഒരു വിഭാഗം ഹര്‍ത്താല്‍ നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 12 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. 35 പേരെ അറസ്റ്റുചെയ്തു.

വാഹനം തടയല്‍, അന്യായമായി സംഘം ചേര്‍ന്ന് ഗതാഗത തടസ്സം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മേപ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മുന്‍കരുതലായി 16 പേരെയും തിരുനെല്ലിയില്‍ 13 പേരെയും അറസ്റ്റുചെയ്തു. കല്പറ്റയില്‍ വാഹനങ്ങള്‍ തടഞ്ഞതിന് രണ്ടുകേസുകള്‍ രജിസ്റ്റര്‍ചെയ്ത് ആറുപേരെ അറസ്റ്റുചെയ്തു. വൈത്തിരി, കല്പറ്റ, പനമരം എന്നിവിടങ്ങളില്‍ രണ്ടുവീതവും മേപ്പാടി, തിരുനെല്ലി, പടിഞ്ഞാറത്തറ, കമ്പളക്കാട്, മാനന്തവാടി, വെള്ളമുണ്ട എന്നിവിടങ്ങളില്‍ ഓരോ വീതവും കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടാലറിയാവുന്ന നാല്പതോളം പേര്‍ക്കുനേരെ കേസെടുത്തിട്ടുണ്ട്.

പതിവുപോലെ തിങ്കളാഴ്ച രാവിലെ കടകള്‍ തുറക്കുകയും വാഹനങ്ങള്‍ ഓടുകയും ചെയ്തിരുന്നു. രാവിലെ ഒന്‍പതരയോടെയാണ് അപ്രഖ്യാപിത ഹര്‍ത്താലുമായി ഒരു വിഭാഗം രംഗത്തുവന്നത്. വിഷു കഴിഞ്ഞുള്ള ദിവസമായതിനാല്‍ എല്ലായിടത്തും യാത്രക്കാരുടെ തിരക്കായിരുന്നു. കെ.എസ്.ആര്‍.ടി.സി. ബസുകളും സ്വകാര്യ ബസുകളും ഓടിയിരുന്നെങ്കിലും ഹര്‍ത്താല്‍ അനൂകൂലികള്‍ തടഞ്ഞതിനെത്തുടര്‍ന്ന് സ്വകാര്യ ബസുകള്‍ ഉച്ചയോടെ ഓട്ടംനിര്‍ത്തി. സ്വകാര്യ വാഹനങ്ങളും മിക്കയിടങ്ങളിലും തടഞ്ഞിട്ടു. ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞതിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ പലതും വൈകിയാണ് ഓടിയത്. ഹര്‍ത്താല്‍ കാരണം സര്‍വീസുകള്‍ ഒന്നും മുടക്കിയിട്ടില്ലെന്നും വാഹനം തടഞ്ഞതിനാല്‍ ചില ട്രിപ്പുകള്‍ നഷ്ടമായെന്നും കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു. അത്രികമങ്ങള്‍ ഉണ്ടാവാതിരിക്കാനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പോലീസിന്റെ നിരീക്ഷണം ശക്തമാക്കിയിരുന്നു.

കൂടുതല്‍ അറസ്റ്റുണ്ടായേക്കും

കല്പറ്റ: ജില്ലയില്‍ ഒരു വിഭാഗം തിങ്കളാഴ്ച നടത്തിയ അപ്രഖ്യാപിത ഹര്‍ത്താലുമായി ബന്ധപ്പെട്ട് പോലീസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങി. ജനങ്ങളെ ദുരിതത്തിലാഴ്ത്തി നടത്തിയ ഹര്‍ത്താല്‍ നടത്തിയതാരാണെന്ന് മനസ്സിലാക്കുന്നതിനായി ഹര്‍ത്താല്‍ ഉണ്ടെന്നുപ്രചരിച്ച സാമൂഹിക മാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാവാനാണ് സാധ്യത.


ഹര്‍ത്താല്‍ അന്യായം

മുന്‍കൂട്ടി അറിയിക്കാതെ നടത്തിയ ഹര്‍ത്താല്‍ അന്യായമാണ്. ഹര്‍ത്താല്‍ ഉണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ല. വിഷു കഴിഞ്ഞതിനാല്‍ യാത്രക്കാരുടെ തിരക്കുണ്ടായിരുന്നു. ബസ് തടഞ്ഞതിനാല്‍ ബസുകള്‍ പകുതിവഴിയിലും മറ്റും സര്‍വീസ് നിര്‍ത്തേണ്ടിവന്നു.

(പി.കെ. ഹരിദാസ്, പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്)