ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ മുതുമല കടുവസങ്കേതത്തില്‍ കടുവകളുടെ കണക്കെടുപ്പ് തുടങ്ങി. മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് വന്യജീവികളുടെ കണക്കെടുക്കുന്നത്. ആദ്യമായാണ് ഇതിനായി മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നത്.
 
മുതുമല വന്യജീവിസങ്കേതത്തിലെ 320 ചതുരശ്രകിലോമീറ്ററിനുള്ളില്‍ ആറ് മാസത്തിലൊരിക്കല്‍ നടത്തുന്ന കണക്കെടുപ്പാണ് തെപ്പക്കാട്ടില്‍ തിങ്കളാഴ്ച തുടങ്ങിയത്.

നാലു പേരടങ്ങുന്ന 36 സംഘങ്ങളാണ് ഇതിനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്. കണക്കെടുപ്പ് അഞ്ചുദിവസം കൊണ്ട് പൂര്‍ത്തിയാക്കും. മൊബൈല്‍ ആപ്പിലൂടെയുള്ള കണക്കെടുപ്പായതിനാല്‍ തത്സമയംതന്നെ നിരീക്ഷണ കേന്ദ്ര ആസ്ഥാനത്തില്‍ വിവരങ്ങള്‍ കിട്ടും. കോയമ്പത്തൂര്‍ ഫോറസ്റ്റ് കോളേജിലെ വിദ്യാര്‍ഥിനികളടക്കം ഏകദേശം 160 പേരാണ് കണക്കെടുപ്പ് സംഘത്തിലുള്ളത്.