*** *** ***
ജില്ലയിലെ പ്രൊഫഷണല്‍ കോളേജിലെ പഠിപ്പിസ്റ്റുകളില്‍ ഒരാള്‍ ഒന്നരവര്‍ഷം മുമ്പ് ബാവലി ചെക്പോസ്റ്റില്‍ പിടിയിലായി. പ്ലസ്ടുവിന് 97 ശതമാനം മാര്‍ക്ക് നേടി പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനായി വയനാട്ടിലെത്തിയതാണ് കക്ഷി. ഒപ്പം സുഹൃത്തുമുണ്ട്. കൈയില്‍ ചെറിയ അളവില്‍ കഞ്ചാവുപൊതി. ആദ്യത്തെ തവണയാണ് ഉപയോഗമെന്ന് പയ്യന്റെ സാഷ്ടാംഗംപറച്ചില്. രക്ഷിതാക്കളെ വിളിച്ചുവരുത്തിയപ്പോള്‍, അവര്‍ അന്ധാളിച്ചു. അവര്‍ക്കത് വിശ്വസിക്കാനാവുന്നേയില്ല. എന്നാല്‍ രക്ഷിതാക്കളുടെ ജാഗ്രതയും മികച്ച ഇടപെടലുംകൊണ്ട് യുവാവ് ലഹരി പാടേ ഉപേക്ഷിച്ചു. ഇപ്പോള്‍ പഠനത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളിലും സജീവം.
*** *** ****
രണ്ടുവര്‍ഷംമുമ്പ് മാനന്തവാടിയില്‍ നിന്നുതന്നെ പ്രായപൂര്‍ത്തിയാവാത്ത മൂന്നുകുട്ടികളെ കഞ്ചാവുബീഡി പുകയ്ക്കുന്നതിനിടെ നാട്ടുകാരും എക്സൈസും ചേര്‍ന്ന് പിടിച്ചു. ചെറിയകുട്ടികള്‍ പുകവലി തുടങ്ങിയോ എന്ന ആശങ്കയായിരുന്നു നാട്ടുകാര്‍ക്ക്, എന്നാല്‍ അതൊക്കെ പണ്ട്, ഇപ്പോള്‍ കഞ്ചാവാണ് പ്രിയമെന്ന് പിള്ളേര്. എന്തായാലും കേസായി. രണ്ടാഴ്ചമുമ്പ് കുട്ടികളില്‍നിന്ന് 2000 രൂപ വീതം പിഴ ഈടാക്കി കോടതി കേസില്‍ ശിക്ഷവിധിച്ചു.
ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല, ചെറിയ വ്യത്യാസങ്ങളോടെ ജില്ലയുടെ പലഭാഗങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്ന വസ്തുതകളാണ്. ജില്ലയുടെ മിക്കഭാഗങ്ങളിലും വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവും ലഹരിവസ്തുക്കളും പിടിമുറുക്കിയിരിക്കുന്നു. മദ്യവും സിഗരറ്റുമാണ് ലഹരിയെന്ന് ധരിച്ചിരിക്കുന്ന രക്ഷിതാക്കളെ എളുപ്പം പറ്റിക്കാന്‍ കഞ്ചാവിനും ന്യൂജെന്‍ ഡ്രഗ്സിനും സാധിക്കുന്നുമുണ്ട്. മണമില്ല, കണ്ണും മുഖവും വാടില്ല, ചുവക്കില്ല... ലഹരി ഉപയോഗം തെളിയിക്കാന്‍ പ്രത്യക്ഷമാര്ഗങ്ങളൊന്നുമില്ല.
ന്യൂജനല്ലേ... അല്‍പ്പമൊക്കെയാവാം
കഞ്ചാവുമാഫിയ വിദ്യാര്‍ഥികള്‍ക്കിടയില്‍ പുതുതരംഗം തന്നെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ന്യൂജനാവണമെങ്കില് കഞ്ചാവ് വലിക്കണമെന്നാണ് കുട്ടിക്കഞ്ചാവ് വലിയന്മാരുടെ വാദം. ന്യൂജനറേഷന് സിനിമകളിലെ ലഹരി ഉപയോഗം സംബന്ധിച്ച സൂചനകളും ഇതിന് പ്രലോഭനമാകുന്നു.
ഇടക്കാലത്ത് ജമൈക്കന്‍ പോപ്പ് താരം ബോബ് മാര്‍ലിയും അദ്ദേഹത്തിന്റെ പാട്ടുകളും ലഹരിയുടെ പ്രചാരണത്തിനായി മാഫിയ ഉപയോഗിച്ചിരുന്നു. ബോബ് മാര്‍ലിയുടെ ചിത്രമുള്ള ടീഷര്‍ട്ടുകളും തൂവാലകളും ക്യാപ്പുകളുമൊക്കെ ഇതോടെ പ്രചരിച്ചു. ചുവപ്പും മഞ്ഞയും കറുപ്പും പച്ചയും നിറം ഇടകലര്‍ന്ന ബാന്‍ഡുകളും കഞ്ചാവ് ഇലയുടെ ചിത്രമുള്ള മാലയും വളയും വരെ യുവാക്കള്‍ എടുത്തണിയാന്‍ തുടങ്ങി. ഇത്തരക്കാരെ പരിശോധിച്ചാല്‍ കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും കിട്ടുമെന്ന് ഉറപ്പായതോടെ പോലീസും എക്സൈസും എവിടെക്കണ്ടാലും തടഞ്ഞുനിര്‍ത്തി പരിശോധിക്കാന്‍ തുടങ്ങി. അതോടെ ആ ട്രെന്‍ഡ് അവസാനിച്ചു. എന്നാലും ഇപ്പോഴും ഫ്രീക്കന്മാരെ തപ്പിയാല്‍ ഒന്നും കിട്ടാതെ പോകില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
പലപ്പോഴും കൗമാരത്തിലെ വിഹ്വലതകളും ആത്മവിശ്വാസക്കുറവുമാണ് കുട്ടികളെ ലഹരിയിലേക്ക് വലിച്ചടുപ്പിക്കാന്‍ കഞ്ചാവുമാഫിയ ഉപയോഗിക്കുന്നത്. ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളില്‍ മിഠായിരൂപത്തിലെത്തുന്ന ലഹരിവസ്തുക്കളും, വൈറ്റ്നറും ഫെവിക്കോളും മണക്കലുമൊക്കെയായാണ് തുടക്കം. പിന്നെ പതുക്കെ മദ്യം, സിഗരറ്റ്... എളുപ്പം ഡ്രഗ്സിലെത്തും. കുട്ടികള്‍ തുടര്‍ച്ചയായി വൈറ്റ്നര് വാങ്ങിവരാനോ, കൂടുതല്‍ പണമോ ആവശ്യപ്പെട്ടാലും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.
കോളേജിലെല്ലാം ആളെത്തും, പെണ്‍കുട്ടികളും വലയില്‍
ലഹരിമാഫിയയുടെ കൈയില്‍ ജില്ലയിലെ പല കോളേജുകളും വീണുകഴിഞ്ഞു. മിക്കയിടത്തും അവിടെ പഠിക്കുന്ന കുട്ടികള്‍ തന്നെ വില്‍പ്പനക്കാരാണ്. ക്ലാസ് സമയത്ത് ടാബ്ലറ്റുകളോ കഞ്ചാവോ ഉപയോഗിച്ച് അര്‍ധമയക്കത്തില്‍ പിന്ബെഞ്ചുകളിലിരിക്കുന്ന വിദ്യാര്‍ഥികള്‍ മിക്കയിടത്തും പതിവാണ്. അധ്യാപകരും നിസ്സഹായരാണ്. തെളിവില്ലാത്തതിനാല്‍ കുട്ടികളെ ചോദ്യം ചെയ്യാനാവില്ല. ആകെ കഴിയുന്നത് എക്സൈസിലും പോലീസിലും അറിയിച്ച് നിരീക്ഷിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ്. പലപ്പോഴും കോളേജിന്റെ സല്‍പ്പേരിനെ ബാധിക്കുമെന്നപേരില് വിവരം മൂടിവെക്കാനോ അവഗണിക്കാനോ ആയിരിക്കും ശ്രമം.
ജില്ലയിലെ ഒരു പ്രൊഫഷണല്‍ കോളേജില്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം നാട്ടില്‍ പാട്ടാണ്. എക്സൈസും പോലീസും ഇവിടെ പലതവണ ഹോസ്റ്റലില്‍ ഉള്‍പ്പെടെ പരിശോധനയും നടത്തി. എന്നാല്‍ ഒന്നും കിട്ടില്ല. കഞ്ചാവിനുപുറമേ പുതിയ ഡ്രഗ്ഗുകള്‍ ജില്ലയിലെ യുവാക്കള്‍ക്കും പരിചയപ്പെടുത്തുന്നത് പ്രൊഫഷണല്‍ കോളേജിലെ വിദ്യാര്‍ഥികളാണ്. സമാനമായി ബെംഗളൂരുവില്‍ പഠിക്കുന്ന ജില്ലയിലെ കുട്ടികളും ലഹരിമാഫിയയുടെ കണ്ണികളാകുന്നു. കഞ്ചാവിനേക്കാള്‍ എളുപ്പത്തില്‍ ടാബ്ലറ്റുകളാണ് ഇവര്‍ കടത്തുന്നതെന്ന് മാത്രം.
പെണ്‍കുട്ടികള്‍ക്കിടയില്‍ ടാബ്ലറ്റുകളുടെയും എല്‍.എസ്.ഡി. സ്റ്റാമ്പിന്റെയും ഉപയോഗം കാര്യമായുണ്ടെന്നും എക്സൈസിന് വിവരമുണ്ട്. ജില്ലയിലെ പല പ്രൊഫഷണല്‍ കോളേജുകളുടെയും പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ ഉള്‍പ്പടെ പരിശോധന നടന്നിട്ടുണ്ട്. എന്നാല്‍ തെളിവില്ല. കല്പറ്റയിലെ ചില സ്വകാര്യ ലേഡീസ് ഹോസ്റ്റലുകള്‍ക്ക് സമീപത്തുനിന്ന് കഞ്ചാവ് പൊതിയാനുപയോഗിക്കുന്ന ഒ.എസ്.ബി. പേപ്പറും എല്‍.എസ്.ഡി. സ്റ്റാമ്പിന്റെയും അവശിഷ്ടങ്ങളും ലഭിച്ചിരുന്നു. ഹോസ്റ്റലിലെ താമസക്കാരായ യുവതികളാണോ, അതോ ഹോസ്റ്റലുകള്‍ക്ക് സമീപം കാണുന്ന പൂവാലന്മാരാണോ ആരാണ് അവകാശികളെന്നറിയാത്ത ആശങ്കയിലാണ് അധികൃതര്‍.
ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കാനായി അന്യജില്ലകളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ താമസിക്കുന്ന വാടകമുറികളും അധികൃതരുടെ നിരീക്ഷണത്തിലാണ്. ഇവിടങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പ്പനക്കാര്‍ സ്ഥിരമായി വന്നുപോകുന്നുവെന്നാണ് സൂചന. പലപ്പോഴും പരിശോധനകളില്‍ കഞ്ചാവും ലഹരിവസ്തുക്കളും കിട്ടിയില്ലെങ്കിലും കഞ്ചാവ് പുകയ്ക്കാനുപയോഗിക്കുന്ന ഹുക്കയും ഒ.എസ്.ബി. പേപ്പറുമെല്ലാം പരിസരങ്ങളില്‍നിന്നും കിട്ടാറുണ്ട്.
മൊബൈല്പാര്ലറുകളും സജീവം
ആളൊഴിഞ്ഞ കെട്ടിടങ്ങളും ഇടവഴികളും അടക്കമുള്ള പരമ്പരാഗതകേന്ദ്രങ്ങള് വിട്ട് കഞ്ചാവ് കച്ചവടം ഹൈടെക്കാവുകയാണ്. ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതിനായി മൊബൈല്‍ വാഹനങ്ങള്‍ സജീവമാണ്. ഫോണില്‍ വിളിച്ചുപറയുന്ന സ്ഥലങ്ങളിലേക്ക് ബൈക്കിലും കാറിലും ഓട്ടോയിലുമൊക്കെയായി കഞ്ചാവെത്തും. വില അല്‍പ്പം കൂടുമെന്നുമാത്രം. കോളേജ് വിദ്യാര്‍ഥികളും പ്രൊഫഷണലുകളുമാണ് മൊബൈല്പാര്ലറുകളെ ആശ്രയിക്കുന്നത്. തിരക്കേറിയ വ്യാപരസ്ഥാപനങ്ങളും സിനിമാതിയേറ്ററുകളുമെല്ലാം കഞ്ചാവ് വില്‍പ്പനക്കാരുടെ താവളമായിമാറി. വില്‍പ്പനക്കാരില്‍ ഏറിയപങ്കും ചെറുപ്പക്കാരാണ്.
അളവ് ചെറുതെങ്കില്‍ ശിക്ഷയില്ല
വില്‍പ്പനക്കാര്‍ വലിയ അളവില്‍ കഞ്ചാവ് കൈയില്‍ സൂക്ഷിക്കുന്ന പതിവ് ജില്ലയില്‍ കുറവാണ്. പിടിക്കപ്പെട്ടാല്‍ പെട്ടന്ന് കേസില്‍നിന്ന് രക്ഷപ്പെടുന്നതിനുള്ള ഇവരുടെ തന്ത്രമാണിത്. ഒപ്പം കുറച്ചുദൂരം സഞ്ചരിച്ച് അതിര്‍ത്തികടന്നാല്‍ ബൈരക്കുപ്പയിലും ബാവലിയിലുമെല്ലാം സാധനം എത്രവേണമെങ്കിലും കിട്ടുമെന്നതും സഹായകമാകുന്നു.
ഒരു കിലോയോ അതിലധികമോ കഞ്ചാവ് പിടിച്ചെടുത്താല്‍ മാത്രമേ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്യുകയുള്ളൂ. ഇതില്‍ കുറഞ്ഞ അളവാണെങ്കില്‍ പിഴയടച്ച് കോടതിയില്‍നിന്ന് ജാമ്യം നേടി പുറത്തിറങ്ങാം. ഇങ്ങനെ പുറത്തിറങ്ങുന്നവരാണ് വീണ്ടും കഞ്ചാവ് വില്‍ക്കുന്നത്. പലതവണ പിടിയില്പ്പെട്ടാലും നിസ്സാരശിക്ഷ മാത്രം ലഭിക്കുന്നതിനാല്‍ കച്ചവടത്തില്‍നിന്ന് ഇവര്‍ പിന്മാറില്ല. മറിച്ച് വില്‍പ്പന തുടരുമ്പോഴുള്ള ലാഭമാകട്ടെ വിചാരിക്കുന്നതിലും അധികവും.
മിക്ക വില്‍പ്പനക്കാരും ചെറുപൊതികളായി, കുറഞ്ഞ അളവില്‍ മാത്രമേ കഞ്ചാവ് കൈവശംവെക്കൂ. കൂടുതല്‍ അളവില്‍ കഞ്ചാവ് ആവശ്യമുള്ളവര്‍ക്ക് രഹസ്യ ഇടങ്ങളില്‍നിന്ന് എത്തിച്ചുകൊടുക്കാറാണ് പതിവ്.
വനാതിര്‍ത്തിയിലെ കുറ്റിക്കാടുകളും കച്ചവടസ്ഥാപനങ്ങളും വീടുകളുംവരെ കഞ്ചാവ് സൂക്ഷിപ്പുകേന്ദ്രങ്ങളാണ്. ചുണ്ടയില്‍ കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ ബോള്‍ തേയിലക്കാട്ടിലേക്ക് പോയപ്പോള്‍ തിരഞ്ഞിറങ്ങിയവര്‍ക്ക് കിട്ടിയത് കിലോക്കണക്കിന് കഞ്ചാവാണ്. ഷോപ്പിങ് കോംപ്ലക്സുകള്‍, പച്ചക്കറി മാര്‍ക്കറ്റ്, ബേക്കറികള്‍ തുടങ്ങി ആളുകൂടുന്നിടത്തെല്ലാം സുഗമമായി ഇപ്പോള്‍ കച്ചവടം നടക്കുന്നു.