കല്പറ്റ: സാമ്പത്തികപ്രതിസന്ധി വ്യാപാരമേഖലയെ വരിഞ്ഞുമുറുക്കുന്നതായി വ്യാപാരികള്‍. സാമ്പത്തികപ്രതിസന്ധിയും വ്യാപാരമേഖലയിലെ മാന്ദ്യവും കണക്കിലെടുത്ത് സംഘടനകള്‍ക്കുംമറ്റും സംഭാവന നല്‍കില്ലെന്ന് കടകളില്‍ നോട്ടീസ് പതിച്ചുതുടങ്ങി. നോട്ടുനിരോധനത്തെത്തുടര്‍ന്ന് രൂപപ്പെട്ട പ്രതിസന്ധിയാണ് നാള്‍ക്കുനാള്‍ കടുത്തുവരുന്നത്. ജി.എസ്.ടി.കൂടി വന്നതോടെയാണ് പ്രശ്‌നം രൂക്ഷമായത്. കച്ചവടം കുറഞ്ഞതോടെ വന്‍കിട തുണിക്കടകളില്‍നിന്നുംമറ്റും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടുതുടങ്ങി.

നോട്ടുനിരോധനം, ജി.എസ്.ടി., എന്നിവ സൃഷ്ടിച്ച ആശയക്കുഴപ്പത്തിനൊപ്പം കാര്‍ഷികമേഖലയിലെ തകര്‍ച്ചയും നിര്‍മാണമേഖലയിലെ സ്തംഭനാവസ്ഥയുമാണ് വ്യാപാരമേഖലയ്ക്ക് ഇരുട്ടടിയായത്. നിര്‍മാണമേഖല നിശ്ചലമായതോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ തിരിച്ചുപോവാന്‍ തുടങ്ങിയതും ക്ഷീണമായി. നിര്‍മാണമേഖലയിലെ പ്രശ്‌നം ഹോട്ടലുകളുടെ കച്ചവടത്തെയും ബാധിച്ചു. ബേക്കറികളുംമറ്റും പ്രതിസന്ധിയിലായതോടെ പക്ഷേ, തൊഴിലാളികളെ യഥേഷ്ടം കിട്ടാനുണ്ടെന്നാണ് കടയുടമകളുടെ പക്ഷം. നേരത്തേ തൊഴിലാളികളെ നോക്കിനടക്കേണ്ട അവസ്ഥയായിരുന്നു.

കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവ് ജില്ലയുടെ പല പട്ടണങ്ങളെയും തളര്‍ത്തി. ഇഞ്ചിയുടെ വിലയിടിഞ്ഞത് പല മേഖലയെയും അക്ഷരാര്‍ഥത്തില്‍ ആലസ്യത്തിലാഴ്ത്തി. ഇതിനുപുറമേ റിട്ടേണ്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അമിതമായ വാടകയും കെട്ടിടനികുതിയും എല്ലാം കച്ചവടക്കാരെ വരിഞ്ഞുമുറുക്കുന്നതായി വ്യാപാരിസംഘടനകള്‍ പറയുന്നു.

സമൂഹത്തിലാകെ അനുഭവപ്പെടുന്ന സാമ്പത്തിക മാന്ദ്യമാണ് കച്ചവടമേഖലയിലും പ്രതിഫലിക്കുന്നതെന്നാണ് വ്യാപാരി സംഘടനാ നേതാക്കളുടെ വിലയിരുത്തല്‍. ഗള്‍ഫ് പണത്തിന്റെ വരവിലുണ്ടായ കുറവുവരെ ഇതില്‍ ഘടകമാണ്. കച്ചവടം തീരേ കുറഞ്ഞതോടെയാണ് തത്കാലത്തേക്ക് പിരിവിനായി വരരുതെന്ന് അഭ്യര്‍ഥിച്ച് കടകളില്‍ നോട്ടീസ് പതിച്ചുതുടങ്ങിയത്.


നോട്ടുനിരോധനത്തോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ജി.എസ്.ടി.കൂടി വന്നതോടെ ഇരുട്ടടിയായി. ചെറുകിട വ്യാപാരമേഖല കനത്ത പ്രതിസന്ധിയിലാണ്. ദിവസം ഒരു സാധനംപോലും വില്‍ക്കാത്ത കടകള്‍ കല്പറ്റയിലുണ്ട്.

ഇ. ഹൈദ്രു

വ്യാപാരി വ്യവസായി ഏകോപനസമിതി കല്പറ്റ യൂണിറ്റ് പ്രസിഡന്റ്

കടകള്‍ പൂട്ടുന്നു, വലിയ പ്രതിസന്ധി

ഒന്നരവര്‍ഷത്തിനിടെ ബത്തേരിയില്‍മാത്രം അമ്പതുകടകളെങ്കിലും പൂട്ടിയിട്ടുണ്ട്. ജില്ലയിലാകെ മുന്നൂറ് കടകളെങ്കിലും പൂട്ടിയിട്ടുണ്ടാവും. ചെറുകിട, വന്‍കിട വ്യാപാരമേഖലകളെല്ലാം ഒരുപോലെ പ്രതിസന്ധിയിലാണ്.


കെ.കെ. വാസുദേവന്‍

ഏകോപനസമിതി ജില്ലാപ്രസിഡന്റ്