മാനന്തവാടി: ജില്ലയില്‍ ഇതുവരെ ഒന്‍പതുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 14 പേര്‍ക്ക് എലിപ്പനിയും ഒരാള്‍ക്ക് എച്ച് 1 എന്‍ 1 രോഗബാധയും സ്ഥിരീകരിച്ചു. ഈവര്‍ഷം ജനുവരി മുതല്‍ ഇതുവരെ 61 പേര്‍ ഡെങ്കിപ്പനി രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നെങ്കിലും ഒന്‍പതുപേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
 
ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ഡെങ്കിപ്പനി പടരുന്നത് തടയാന്‍ സാധിച്ചുവെന്നത് ആരോഗ്യവകുപ്പിന് ആശ്വാസം നല്‍കുന്നു. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 463 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ഈവര്‍ഷം ഇതുവരെ 56,761 പേര്‍ പനിബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സതേടി. മുന്‍ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെ 25,20,225 പേരാണ് പനിബാധിച്ച് വിവിധ ആശുപത്രികളില്‍ എത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പനിബാധിതരുടെ എണ്ണത്തില്‍ കുറവുണ്ട്. സമീപജില്ലകളായ മലപ്പുറത്തും കോഴിക്കോടും ഉണ്ടായ നിപ വൈറസ് ബാധ ജില്ലയില്‍ സ്ഥിരീകരിക്കാത്തത് ആരോഗ്യവകുപ്പിന് ആശ്വാസം നല്‍കുന്നുണ്ട്. നിപ വൈറസ് ബാധയുണ്ടായതിനാല്‍ ജില്ലയിലും ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്.
 
അതിര്‍ത്തികടന്നെത്തുന്നവരെ നിരീക്ഷിക്കുന്നതിനും മറ്റും പ്രത്യേക മെഡിക്കല്‍സംഘത്തെതന്നെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 101 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഈവര്‍ഷം ഇതുവരെ 36 പേര്‍ എലിപ്പനി രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയെങ്കിലും 14 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞവര്‍ഷം 173 പേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചിരുന്നെങ്കിലും ഈവര്‍ഷം ഇതുവരെ എച്ച്1 എന്‍1 സ്ഥിരീകരിച്ചത് ഒരാള്‍ക്കുമാത്രമാണ്. അതുതന്നെ ഇതരസംസ്ഥാനത്തുനിന്നെത്തിയ വ്യക്തിക്കാണ്. കഴിഞ്ഞ വര്‍ഷവും ഈവര്‍ഷം ഇതുവരെയും ജില്ലയില്‍ കോളറരോഗം റിപ്പോര്‍ട്ടുചെയ്തിട്ടില്ല.
 
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം
 
മഴയെത്തും മുന്‍പുതന്നെ ആരോഗ്യവകുപ്പ് പകര്‍ച്ചവ്യാധികള്‍ പിടികൂടാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ആദിവാസികോളനികളിലാണ് കാര്യക്ഷമമായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പട്ടികവര്‍ഗ വികസനവകുപ്പ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കോളനിവാസികള്‍ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പുവരുത്തുന്നുണ്ട്. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തുന്നതിനെതിരേയും പ്രാഥമികകൃത്യങ്ങള്‍ നടത്തിയാല്‍ കൈകള്‍ സോപ്പിട്ടുകഴുകേണ്ട ആവശ്യകതയെക്കുറിച്ചും ബോധവത്കരണം നടത്തുന്നുണ്ട്. കുടിവെള്ളസ്രോതസ്സുകളില്‍ ക്‌ളോറിനേഷന്‍ നടത്തുന്ന പ്രവൃത്തികളും പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാര്യക്ഷമമായി നടക്കുന്നുണ്ട്.