ചുള്ളിയോട്: വ്യാഴാഴ്ച ലോക കാഴ്ചദിനം ആചരിക്കുമ്പോള്‍ കാഴ്ചയില്ലെങ്കിലും ആയിരങ്ങള്‍ക്ക് വിദ്യയുടെ വെളിച്ചം പകരുകയാണ് മാമ്മന്‍ ഈപ്പന്‍. അന്ധനായ മാമ്മന്‍ ഈപ്പന്‍ വെല്ലുവിളികളെ നേരിട്ട് അധ്യാപനത്തോടൊപ്പം ആദിവാസികളടക്കമുള്ള ജീവിതത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്ക് സ്വയംതൊഴില്‍ പകര്‍ന്നും നാടിന് വെളിച്ചമാവുകയാണ്.

ആനപ്പാറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ ചുള്ളിയോട് മഞ്ഞത്തോട്ടത്തില്‍ മാമ്മന്‍ ഈപ്പന്‍ അന്ധതയെ വെല്ലുവിളിച്ച് നാടിന് മാതൃകയായി മാറുകയാണ്. ജനിക്കുമ്പോള്‍ കാഴ്ച കുറവായിരുന്ന മാമ്മന്‍ ഈപ്പന്‍ പത്താംതരം വരെ ഒരുവിധം ആനപ്പാറ ഗവ. ഹൈസ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കി. പിന്നീട് കാഴ്ച ആറ് ശതമാനമായി കുറഞ്ഞു. തുടര്‍ന്ന് 1993-ല്‍ കാഴ്ചയ്ക്കായി ഓപ്പറേഷന്‍ നടത്തിയെങ്കിലും 23-മാത്തെ വയസ്സില്‍ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. പിന്നീട് അന്ധതയെ വെല്ലുവിളിച്ച് 1997-ല്‍ ബത്തേരി സെയ്ന്റ്‌മേരീസ് കോളേജില്‍ പ്രീഡിഗ്രിയ്ക്ക് ചേര്‍ന്നു.

എന്നാല്‍ രണ്ടാംവര്‍ഷം കടക്കുമ്പോള്‍ വയനാട് ഡയറ്റില്‍ ടി.ടി.സി.ക്ക് അപേക്ഷിക്കുകയും അഡ്മിഷന്‍ കിട്ടുകയും ചെയ്തു. അന്നത്തെ ഡയറ്റ് പ്രിന്‍സിപ്പലായിരുന്ന ഡോ. പി. ലക്ഷ്മണന്റെ സഹായം കൂടി കിട്ടിയതോടെ ടി.ടി.സി.യും പാസായി. തുടര്‍ന്ന് എംപ്ലോയ്‌മെന്റ് മുഖേന മൂലങ്കാവ് ഗവ. ഹൈസ്‌കൂളില്‍ ജോലി ലഭിച്ചു. പിന്നീട് ആനപ്പാറ ഗവ. ഹൈസ്‌കൂളിലും പി.എസ്.സി. മുഖേന നിയമനം ലഭിച്ചു. പഠിച്ച ആനപ്പാറ സ്‌കൂളില്‍ത്തന്നെ അധ്യാപകനായി തിരിച്ചെത്തി. സര്‍ക്കാര്‍ജോലി ലഭിച്ചതോടെ ജോലിയ്‌ക്കൊപ്പം അന്ധതയും മറ്റു വൈകല്യങ്ങളും ബാധിച്ചവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി ജീവിതം നീക്കിവെച്ചു.

ഇതിന്റെ പ്രവര്‍ത്തനത്തിനായി അബോര്‍ഡ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് രൂപം നല്‍കി. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി നൂറില്‍പ്പരം തൊഴില്‍ പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങി. കുട, സ്‌ക്രീന്‍പ്രിന്റ്, പേപ്പര്‍ബാഗ്, മെഴുകുതിരി തുടങ്ങിയ വിവിധ ഉത്പന്നങ്ങളുടെ നിര്‍മാണവും തുടങ്ങി. ഭിന്നശേഷി വിഭാഗക്കാരുടെ സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിച്ചു. അന്ധരടക്കമുള്ള ഭിന്നശേഷിക്കാര്‍ക്ക് സഹതാപമല്ല സഹായമാണ് വേണ്ടതെന്നും കാഴ്ചയല്ല കാഴ്ചപ്പാടാണ് സമൂഹത്തിന് വേണ്ടതെന്നുമാണ് ഈ അധ്യാപകന്റെ നിലപാട്. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനൊപ്പം ആദിവാസി സംസ്‌കാരത്തെയും അന്യംനിന്നുകൊണ്ടിരിക്കുന്ന ഗോത്രകലകളെയും പരിപോഷിപ്പിക്കാനും അന്ധതയെപ്പോലും വെല്ലുവിളിച്ചുകൊണ്ട് കര്‍മനിരതനാണ് ഈ അധ്യാപകന്‍.