അമ്പലവയല്‍: കുരുമുളകും കാപ്പിയും അടയ്ക്കയും തുടങ്ങിയ ദീര്‍ഘകാല വിളകളായിരുന്നു ഒരുകാലത്ത് വയനാടന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. സമൃദ്ധമായി വിളഞ്ഞിരുന്ന നെല്‍പ്പാടങ്ങള്‍ വയനാടെന്ന കാര്‍ഷിക നാടിന്റെ പേരിനുവരെ കാരണമായി. ഇത് പഴങ്കഥ. പുതിയ കാലത്ത് വയനാടിന്റെ കാര്‍ഷികമേഖല അത്ര സമൃദ്ധിയിലല്ല.

കേരളത്തിന്റെതന്നെ സമ്പദ്ഘടനയില്‍ വലിയ മാറ്റം കൊണ്ടുവന്ന കറുത്തപൊന്നിന്റെ ഉത്പാദനത്തില്‍ മുന്‍പന്തിയിലായിരുന്നു നാം. ക്വിന്റല്‍ കണക്കിന് കുരുമുളകുണ്ടായിരുന്ന തോട്ടത്തില്‍നിന്ന് വീട്ടാവശ്യത്തിനുപോലും കിട്ടാത്ത അവസ്ഥയായി. വയനാടന്‍ വയലേലകള്‍ ഹ്രസ്വകാല വിളകള്‍ക്ക് വഴിമാറി. അമിത വളപ്രയോഗംമൂലം മണ്ണിന്റെ വളക്കൂറ്് നഷ്ടമായി. ഏതുകൃഷിയായാലും മുടക്കുമുതല്‍പോലും കിട്ടാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഓരോ വിളയുടെയും വിപണിവില. ഈ പ്രതിസന്ധികള്‍ക്കിടയിലും കാര്‍ഷികമേഖലയില്‍ ആത്മവിശ്വാസത്തോടെ നിലയുറപ്പിക്കുന്ന കര്‍ഷകരുമുണ്ട്. അവരില്‍ ചിലര്‍ കാര്‍ഷികരംഗം നേരിടുന്ന പ്രശ്‌നങ്ങള്‍ പങ്കുവെക്കുന്നു.

വിലയില്ലാതെ, കറുത്തപൊന്ന്

മനോജ് ജോസഫ്, മൂന്നാനക്കുഴി

കുരുമുളക് കൃഷിയില്‍ വയനാടിന്റെ പ്രതാപകാലത്തേക്ക് എത്താനാകില്ലെങ്കിലും ജില്ലയിലെ തോട്ടങ്ങളില്‍ കറുത്തപൊന്ന് തിരിച്ചുവരവിന്റെ പാതയിലാണ്. പത്തുസെന്റില്‍ മുപ്പത്തിയേഴിനം കുരുമുളക് കൃഷിചെയ്യുന്ന മൂന്നാനക്കുഴിയിലെ മനോജ് ജോസഫിനെ പ്പോലുള്ള കര്‍ഷകര്‍ ഇത് ശരിവെക്കുന്നു. കര്‍ഷകര്‍ സ്വന്തംനിലയില്‍ പലതും ചെയ്യുമ്പോഴും സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാത്തതാണ് ഇവരെ വിഷമത്തിലാക്കുന്നത്. കുരുമുളക് വള്ളികളെ ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സ്യൂഡോമോണസ് പോലുള്ള മരുന്നുകള്‍ യഥാസമയത്ത് വിതരണംചെയ്യാന്‍ സംവിധാനം വേണം. വിയറ്റ്‌നാംപോലുള്ള രാജ്യങ്ങളില്‍നിന്നുള്ള കുരുമുളക് ഇറക്കുമതി നിയന്ത്രിക്കേണ്ടതുണ്ട്. ഇതാണ് വിപണിയില്‍ കുരുമുളകിന്റെ വില തകര്‍ക്കുന്നത്. നിലവാരമില്ലാത്ത ഇത്തരം കുരുമുളകിനൊപ്പം ചേര്‍ത്താണ് വയനാട്ടില്‍ വിളയുന്ന കുരുമുളകും കയറ്റിയയക്കുന്നത്. കുറഞ്ഞവിലക്ക് കുരുമുളക് യാതൊരു നിയന്ത്രണവുമില്ലാതെ ഇറക്കുമതി ചെയ്യുന്നത് കര്‍ഷകര്‍ക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്.

നെല്‍ക്കര്‍ഷകര്‍ക്ക് നഷ്ടം മാത്രം

അജി തോമസ്, കുന്നേല്‍

നെന്മേനി പഞ്ചായത്തിലെ യുവകര്‍ഷകന്‍ അജി തോമസ് കെട്ടിനാട്ടിയെന്ന കൃഷിരീതി സ്വന്തമായി കണ്ടെത്തി നെല്‍ക്കൃഷി പുനരുദ്ധാരണത്തിന് അക്ഷീണം പ്രയത്‌നിക്കുന്നു. കേരളത്തിലുടനീളം സഞ്ചരിച്ച് തന്റെ കൃഷിരീതി കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുകയും അതിലൂടെ നെല്‍ക്കൃഷി തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുകയുമാണ്. മനസ്സുവെച്ചാല്‍ ലാഭകരമായരീതിയില്‍ നെല്‍ക്കൃഷി ചെയ്യാമെന്നാണ് അജിയുടെ പക്ഷം. ഇതിന് സര്‍ക്കാര്‍ സഹായം കൂടിയേ തീരൂ. മണ്ണിനെ നോവിക്കുന്ന വളപ്രയോഗവും ഉഴുതുമറിക്കലുമാണ് നെല്‍ക്കൃഷി തളര്‍ത്തുന്നതെന്ന് അജി തോമസ് പറയുന്നു. മണ്ണ് പരിശോധിച്ച് പരിശോധന റിപ്പോര്‍ട്ടിനനുസരിച്ച് വളം നല്‍കിയാല്‍ മികച്ച വിളവുനേടാം. കൃത്യമായ വളപ്രയോഗം എങ്ങനെയെന്ന് കര്‍ഷകനെ ബോധവത്കരിക്കാന്‍ സംവിധാനങ്ങളില്ല. എങ്ങനെ കണക്കുകൂട്ടിയാലും ഒടുവില്‍ തങ്ങള്‍ക്ക് നഷ്ടമാണ് വന്നുചേരുകയെന്നാണ് നെല്‍ക്കര്‍ഷകര്‍ക്ക് പറയാനുളളത്. കൃത്യമായ ഇടവേളകള്‍ ഇല്ലാതെ പെയ്യുന്ന മഴ, വന്യമൃഗങ്ങള്‍, ജോലിക്കാരുടെ കുറവ്, വിലയിടിവ് എല്ലാം കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കൃഷിനശിക്കുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങള്‍ കിട്ടാനുള്ള താമസവും പ്രതിസന്ധി സൃഷ്ടിക്കുന്നു. കുറച്ചുകാലങ്ങളായി വയനാടന്‍ വയലുകളില്‍വന്ന മാറ്റങ്ങള്‍ കൃഷിവകുപ്പ് സമഗ്രമായി പഠിക്കണം. തീരെ പരിചയമില്ലാത്ത കളകള്‍ നെല്‍ച്ചെടികള്‍ക്ക് ഭീഷണിയാകുന്നുണ്ട്. ഇവയുടെ വ്യാപനം തടയാന്‍ നടപടിവേണം.

ഇഞ്ച് മുന്നേറാനാകാതെ ഇഞ്ചിക്കൃഷി

ടി.പി. ശ്രീരഞ്ജന്‍ മീനങ്ങാടി

35 വര്‍ഷമായി ഇഞ്ചിക്കൃഷിയടക്കമുള്ള കൃഷികള്‍ ചെയ്ത മീനങ്ങാടിയിലെ ടി.പി. ശ്രീരഞ്ജന്‍ ഇഞ്ചിക്കൃഷി പൂര്‍ണമായി ഉപേക്ഷിക്കുകയാണ്. വിപണിയില്‍ വിലയില്ലാത്തതുതന്നെ കാരണം. 4000 മുതല്‍ 5000 രൂപവരെ മുടക്കി ഇഞ്ചിവിത്ത് വാങ്ങി കൃഷി ചെയ്താല്‍ വിളവെടുക്കുമ്പോള്‍ ചാക്കിന് ലഭിക്കുന്നത് 1500 രൂപയാണ്. ഇത് വലിയബാധ്യത

വരുത്തുന്നു. അതേസമയം കര്‍ണാടകയിലെ മാര്‍ക്കറ്റില്‍ മൂവായിരത്തിനടുത്താണ് ഒരു ചാക്കിന് വില. അമിത വളപ്രയോഗവും കീടനാശിനി പ്രയോഗവും നടത്തി വലിപ്പം വെപ്പിച്ചെടുക്കുന്ന കര്‍ണാടക ഇഞ്ചിക്കാണ് ഡിമാന്‍ഡ്. വയനാട്ടില്‍ വിളയുന്ന ഇഞ്ചി പലവിധ കാരണങ്ങളാല്‍ വിലയിടിച്ചാണ് ഇടനിലക്കാര്‍ വാങ്ങുന്നത്. മൂടുചീയല്‍ പോലുള്ള രോഗങ്ങള്‍ ബാധിച്ച ഇഞ്ചി വിപണിയില്‍ താഴ്ന്നവിലയ്ക്ക് വില്‍ക്കേണ്ടി വരുന്നു. വൈകിയെത്തിയ മഴയും ഇഞ്ചിക്കൃഷിക്ക് പ്രഹരമാണ്. മഴ തുടര്‍ന്നുപെയ്യുന്നതിനാല്‍ ഇഞ്ചി പറിച്ചുവില്‍ക്കാന്‍ പറ്റാതെ പല കര്‍ഷകരും വിഷമവൃത്തത്തിലാണ്.

രോഗം തളര്‍ത്തിയ കവുങ്ങ്

തരക്കേടില്ലാത്ത വിലയുണ്ടെങ്കിലും ഉത്പാദനം തീരെക്കുറഞ്ഞതിനാല്‍ ജില്ലയിലെ കവുങ്ങു കര്‍ഷകരും പ്രയാസത്തിലായി. മഹാളിയും മഞ്ഞളിപ്പും കവുങ്ങുകളെ നാശത്തിലേക്ക് നയിച്ചപ്പോള്‍ പലരും വെട്ടിയൊഴിവാക്കി. ഇപ്പോള്‍ ഈ കൃഷിയിടങ്ങളില്‍ മറ്റു വിളകള്‍ പരീക്ഷിക്കുകയാണ്. മഞ്ഞളിപ്പ് ബാധിച്ച് കവുങ്ങില്‍നിന്ന് മൂപ്പെത്തും മുമ്പ് കായ്കള്‍ വീണുപോകുകയും മണ്ട ഉണങ്ങി കവുങ്ങ് നശിക്കുകയുമാണ് ചെയ്യുന്നത്. ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് അതിവേഗം പടരുന്ന രോഗത്തെ പ്രതിരോധിക്കാന്‍ കൃഷിവകുപ്പ് കാര്യമായി ഒന്നും ചെയ്യുന്നില്ല. കവുങ്ങുകൃഷി മുമ്പുണ്ടായിരുന്നതിന്റെ നാലിലൊന്നായി ചുരുങ്ങിയെന്ന് കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു.

ഗവേഷകരില്ലാതെ ഗവേഷണകേന്ദ്രം

ജില്ലയിലെയും അയല്‍ജില്ലകളിലെയും കര്‍ഷകര്‍ക്ക് കൃഷിയില്‍ മാര്‍ഗനിര്‍ദേശം നല്‍കേണ്ട സ്ഥാപനത്തിന്റെ അവസ്ഥ പരിതാപകരമാണ്. കാര്‍ഷികരംഗത്തെ നൂതന മാര്‍ഗങ്ങളും പുതിയ പ്രവണതകളും തിരിച്ചറിഞ്ഞ് കര്‍ഷകരിലേക്കെത്തിക്കേണ്ട കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. വിവിധ തസ്തികകളിലായി 15 ഗവേഷകര്‍ വേണ്ടിടത്ത് കേന്ദ്രത്തില്‍ ആകെയുള്ളത് ഒരാളാണ്. സഹസ്ഥാപനമായ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്ക് ഗുണംചെയ്യുന്ന പദ്ധതികള്‍ ഒന്നുംതന്നെയില്ല.

വരും വയനാട് പാക്കേജ്

19 കോടി രൂപയുടെ വയനാട് പാക്കേജിന് അടുത്തമാസത്തോടെ ഭരണാനുമതിയാകുമെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി അലക്‌സാണ്ടര്‍ പറഞ്ഞു. ഇതിനുള്ള ശുപാര്‍ശ അനുമതിക്കായി അയച്ചിട്ടുണ്ട്. പഴവര്‍ഗങ്ങള്‍, കിഴങ്ങുവര്‍ഗ വിളകള്‍ എന്നിവയുടെ വ്യാപനം കുരുമുളക് പുനരുദ്ധാരണം തുടങ്ങിയവയാണ് വയനാട് പാക്കേജില്‍ പ്രധാനമായുള്ളത്. 1500 ഹെക്ടറില്‍ കുരുമുളക് കൃഷി വ്യാപിപ്പിക്കുന്നതിന് പദ്ധതിയുണ്ട്. ഒരു ഹെക്ടറിന് 20,000 രൂപവരെ സഹായം ലഭിക്കുന്ന പദ്ധതികളാണ് വയനാട് പാക്കേജില്‍ ഉള്ളത്. 13 കോടി രൂപയാണ് കുരുമുളക് കൃഷിക്കുവേണ്ടി ആകെ മാറ്റിവെച്ചിരിക്കുന്നത്.

മൂന്നുവര്‍ഷത്തെ വിലനിലവാരപ്പട്ടിക

2015 2016 2017

കുരുമുളക് 64000 67000 40000

കളിയടക്ക 8300 7500 10500

ഇഞ്ചി 300 1000 10500

ഉണ്ടക്കാപ്പി 6000 7800 6800

റബ്ബര്‍ 10000 10200 11600