പുല്പള്ളി: പാടിച്ചിറ വില്ലേജിലെ റീസര്‍വേ സംബന്ധിച്ച പരാതികളിലും ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നെന്ന ആരോപണത്തിലും കളക്ടര്‍ ഇടപെടുന്നു. വില്ലേജില്‍ റീസര്‍വേയ്ക്കായി എത്തുന്ന ഉദ്യോഗസ്ഥര്‍ ഭൂവുടമകളില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെടുന്നെന്ന 'മാതൃഭൂമി' വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി.

കെട്ടിക്കിടക്കുന്ന പരാതികളിലെ ഫീല്‍ഡ് ജോലികള്‍ കൂടുതല്‍ സര്‍വേ ഉദ്യോഗസ്ഥരെ നിയോഗിച്ച് സമയബന്ധിതമായി തീര്‍പ്പാക്കും. 4400 പരാതികളില്‍ സര്‍വേയര്‍മാരുടെ സ്ഥലപരിശോധന പൂര്‍ത്തിയായി. അവശേഷിക്കുന്ന 2600 പരാതികളില്‍ ആവശ്യമായ ജീവനക്കാരെ നിയമിച്ച് നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

സര്‍വേ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെടുന്നെന്ന പരാതി അന്വേഷിച്ച് ബോധ്യപ്പെട്ടാല്‍ ഈ ഉദ്യോഗസ്ഥരെ സ്ഥാനത്തുനിന്ന് നീക്കം െചയ്ത് പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും ഉത്തരവില്‍ പറയുന്നു. പാടിച്ചിറ വില്ലേജിലെ റീസര്‍വേ അപാകങ്ങളെയും ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെടുന്നതിനെയും കുറിച്ച് 'മാതൃഭൂമി' നിരന്തരമായി വാര്‍ത്ത നല്‍കിയിരുന്നു.

പാടിച്ചിറയിലെ റീസര്‍വേ സംബന്ധിച്ച് ആയിരക്കണക്കിന് പരാതികളാണ് വില്ലേജ് ഓഫീസില്‍ മൂന്നുവര്‍ഷമായി കെട്ടിക്കിടക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് നടന്ന റീ സര്‍വേയില്‍ വന്‍തോതില്‍ അപാകമുള്ളതായാണ് പരാതി. പലരുടെയും സ്ഥലം മറ്റ് വ്യക്തികളുടെ പേരിലും മുമ്പുണ്ടായിരുന്ന ഉടമസ്ഥന്റെ പേരിലുമൊക്കെയാണ് കിടക്കുന്നത്. സ്ഥലത്തിന്റെ അതിരുകളും മാറിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഭൂ നികുതിയടയ്ക്കാനോ ഭൂമി ക്രയവിക്രയം നടത്താനോ കഴിയാത്ത അവസ്ഥയിലാണ് പാടിച്ചിറ നിവാസികളില്‍ പലരും. റീസര്‍വേ സംബന്ധിച്ച് ലഭിച്ച 6200 പരാതികളില്‍ ചുരുക്കം പരാതികള്‍ മാത്രമാണ് ഇതുവരെ പരിഹരിച്ചിട്ടുള്ളത്.

റീസര്‍വേ അപാകങ്ങള്‍ പരിഹരിക്കുന്നതിനാണ് ഇപ്പോള്‍ വില്ലേജില്‍ സര്‍വേ നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ സര്‍വേയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ ഭൂവുടമകളില്‍നിന്ന് വ്യാപകമായി കൈക്കൂലി ആവശ്യപ്പെടുന്നതായി പരാതി ഉയര്‍ന്നിരുന്നു. 1500 രൂപ മുതലാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി ആവശ്യപ്പെടുന്നത്. നല്‍കാന്‍ കൂട്ടക്കാത്തവരുടെ ഭൂമി സര്‍വേ നടത്തില്ലെന്ന ഭീഷണിയും ഇവരുടെ ഭാഗത്തുനിന്നുണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കൈക്കൂലി ആരോപണം ശക്തമാകുന്നതിനിടെയാണ് പാടിച്ചിറ വില്ലേജ് ഓഫീസിന് മുമ്പില്‍ കഴിഞ്ഞയാഴ്ച പ്രതികരണവേദിയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പണം ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥര്‍ ജനകീയ വിചാരണ നേരിടാന്‍ തയ്യാറായിക്കൊള്ളുക, അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തുറുങ്കിലടയ്ക്കുക തുടങ്ങിയവയാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്. റീസര്‍വേ അപാകങ്ങള്‍ പരിഹരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുന്നതിനെതിരേ വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു. 2016-ല്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പുല്പള്ളിയിലെത്തിയപ്പോള്‍ പാടിച്ചിറ വില്ലേജിലെ റീസര്‍വേ അപാകങ്ങള്‍ മൂന്ന് മാസത്തിനകം പരിഹരിക്കുമെന്ന് പറഞ്ഞിരുന്നു.