അമ്പലവയല്‍: തേയിലയ്ക്ക് ന്യായവില കിട്ടിത്തുടങ്ങിതോടെ ചെറുകിട തേയിലക്കര്‍ഷര്‍ക്ക് ആശ്വാസമായി. വിലക്കുറവും തൊഴിലാളി ക്ഷാമവും കാരണം ബുദ്ധിമുട്ടിലായ ചെറുകിട തേയില കര്‍ഷര്‍ക്ക് ഒരുകിലോ ചപ്പിന് ഇപ്പോള്‍ 15 രൂപവരെ ലഭിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഈ സമയത്ത് ഏഴുരൂപയായിരുന്നു വില.

ജില്ലയില്‍ നൂറുകണക്കിനു ചെറുകിട തേയില കര്‍ഷകരുണ്ട്. അതിര്‍ത്തി പ്രദേശങ്ങളായ താളൂര്‍, എരുമാട്, അയ്യന്‍കൊല്ലി, വട്ടച്ചോല, മണല്‍വയല്‍ എന്നിവിടങ്ങളിലെല്ലാം നിരവധി കര്‍ഷകര്‍ തേയിലക്കൃഷിയെ ആശ്രയിക്കുന്നു. ചപ്പു നുള്ളാനും മറ്റും ജോലിക്കാരെ കിട്ടാതായതോടയാണ് ഈ മേഖല പ്രതിസന്ധിയിലായത്. ഏറെ പണിപ്പെട്ട് കൃഷിചെയ്താല്‍ ഉത്പാദന ചെലവുപോലും കിട്ടാതായതോടെ കുറേപ്പേര്‍ കൃഷിയുപേക്ഷിച്ചു. ചിലര്‍ മറ്റു കൃഷികളിലേക്കു തിരിഞ്ഞു.

വില കുത്തനെയിടിഞ്ഞതോടെ ചിലയിടങ്ങളില്‍ ചപ്പു നുള്ളാതെ ഒഴിവാക്കിയ തേയിലച്ചെടികള്‍ വളര്‍ന്ന് പൊങ്ങി. തേയിലകൃഷി പരിചരിക്കാന്‍ കഴിവുള്ള കുറേ കര്‍ഷകര്‍ ഈ കൃഷിയില്‍ തന്നെ ഉറച്ചുനിന്നു. കുറച്ചുമാസങ്ങളായി 13.50 രൂപമുതല്‍ 15 രൂപവരെ കിട്ടുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു. ഈ തുകയെങ്കിലും ലഭിച്ചാലേ ഉത്പാദന ചെലവിനോടു പൊരുത്തപ്പെട്ടു പോകൂവെന്ന് കര്‍ഷകര്‍ പറയുന്നു.

തേയിലച്ചപ്പുകള്‍ ഏജന്റുമാര്‍ക്കാണ് ഇവര്‍ നല്‍കുന്നത്. നിശ്ചിതതുക ലാഭമെടുത്ത് ഏജന്റുമാര്‍ ഇവ തമിഴ്‌നാട്ടിലെ വലിയ പ്ലാന്റുകളിലേക്കു കൊണ്ടുപോകും. കര്‍ഷകരില്‍നിന്ന് ഒരുമിച്ചു വാങ്ങി രണ്ടിലയും കാമ്പും വേര്‍തിരിച്ചെടുക്കുന്നവരുമുണ്ട്. ഇത്തരം ചപ്പിനു കൂടുതല്‍ വില ലഭിക്കും. തൊഴിലാളികള്‍ക്കു ക്ഷാമം നേരിട്ട കര്‍ഷകര്‍ക്ക് ആശ്വാസമായി ന്യായവില ലഭിക്കാന്‍ തുടങ്ങിയതോടെ പലരും തേയിലച്ചെടികള്‍ പരിചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.