വാളാട്: ''മരിക്കുന്നതിനുമുമ്പ് നല്ലവീട്ടില്‍ അന്തിയുറങ്ങാന്‍ കഴിയുമെന്ന് തോന്നുന്നില്ല, ഇത് ഞങ്ങളുടെ വിധിയെന്ന് കരുതി സമാധാനിക്കുന്നു...'' - പറയുന്നത് തവിഞ്ഞാല്‍ പഞ്ചായത്തിലെ കരിക്കാറ്റില്‍ അരിമല കേളുവാണ്. വയസ്സ് 65 കഴിഞ്ഞിട്ടും സ്വന്തമായി വീട് എന്ന സ്വപ്‌നം സഫലമാകാതെ പോയതിന്റെ വേദനയാണ് അദ്ദേഹത്തിന്.

35 വര്‍ഷമായി കരിക്കാറ്റില്‍ കോളനിക്കടുത്തുള്ള പുറമ്പോക്ക് ഭൂമിയിലാണ് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കേളുവും ഭാര്യ മാതുവും താമസിക്കുന്നത്. ഈ ഭൂമിക്ക് രേഖയില്ലാത്തതിനാലാണ് വീട് ലഭിക്കാന്‍ തടസ്സം നേരിട്ടത്. പലതവണ സര്‍ക്കാരില്‍നിന്ന് വീടിനുള്ള സഹായധനം അനുവദിച്ചെങ്കിലും സ്ഥലത്തിന് രേഖ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ തുക ലഭിച്ചില്ല.

ഒരിഞ്ച് ഭൂമിപോലും സ്വന്തമെന്ന് പറയാന്‍ ഇദ്ദേഹത്തിനില്ല. രണ്ട് ആണ്‍മക്കളും ഒരു മകളുമാണ് ഇവര്‍ക്കുള്ളത്. മക്കള്‍ കുടുംബക്കാരുടെ വീടുകളിലാണ് താമസിക്കുന്നത്. പുഴയോരത്തെ അരയേക്കറിനടുത്തുള്ള പുറമ്പോക്കുഭൂമിയില്‍ വിവിധ കൃഷികള്‍ ചെയ്തും കൂലിപ്പണിയെടുത്തുമാണ് കേളുവും മാതുവും ജീവിതം തള്ളിനീക്കുന്നത്. വാര്‍ധക്യകാല അസുഖങ്ങളും ഇവരെ അലോസരപ്പെടുത്തുന്നു. എങ്കിലും കൃഷിപ്പണിക്ക് മുടക്കം വരുത്താറില്ല.

പുറമ്പോക്കുഭൂമിയില്‍ കൃഷി ചെയ്ത് നാണ്യവിളകളായ കാപ്പി, കുരുമുളക്, കമുക്, തെങ്ങ് എന്നിവ വര്‍ഷങ്ങളായി വിളവെടുക്കുന്നുണ്ട്. മൂന്ന് പതിറ്റാണ്ടുകളായി താമസിക്കുന്ന പുറമ്പോക്ക് ഭൂമിക്ക് രേഖ ലഭിക്കുന്നതിനായി ഗ്രാമപ്പഞ്ചായത്ത്, വില്ലേജധികൃതരെ നിരവധി തവണ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കേളു പറഞ്ഞു.

ഭൂമിയില്ലാത്ത ആദിവാസികുടുംബത്തിന് ഭൂമി വാങ്ങിച്ചുനല്‍കുന്ന പട്ടികവര്‍ഗ വികസന വകുപ്പിന്റെ പദ്ധതി പ്രകാരം അപേക്ഷ നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. അഞ്ച് വര്‍ഷംമുമ്പ് ഈ പദ്ധതിപ്രകാരം സ്ഥലം അനുവദിച്ചെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ല.

എഴുതാനും വായിക്കാനും കഴിവില്ലാത്തതിനാല്‍ ഇതിനായി ആരെ കാണണമെന്നോ, എന്ത് ചെയ്യണമെന്നോ കേളുവിന് നിശ്ചയമില്ല. നിലവില്‍ കൈവശമുള്ള പുറമ്പോക്ക് ഭൂമിക്ക് രേഖ നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇദ്ദേഹത്തിന്റെ പുറമ്പോക്ക് ഭൂമിയുടെ തൊട്ടടുത്തുള്ള വനഭൂമി നിരവധി ആദിവാസികള്‍ രണ്ടുവര്‍ഷം മുമ്പ് കൈയേറിയിരുന്നു.

ഇതേത്തുടര്‍ന്ന് കേളുവും ഇവിടെ കുറച്ച് സ്ഥലം കൈയേറിയിരുന്നു. പുറമ്പോക്ക് ഭൂമിയില്‍നിന്ന് കഴിഞ്ഞവര്‍ഷം മുതല്‍ ഇവര്‍ ഇവിടേക്ക് താമസം മാറ്റി. റേഷന്‍കാര്‍ഡ് മാത്രമാണ് ഇവര്‍ക്ക് സ്വന്തമായുള്ളത്. യാതൊരു സുരക്ഷിതത്വവുമില്ലാത്ത ചോര്‍ന്നൊലിക്കുന്ന കൂരയില്‍ എല്ലാ പ്രതീക്ഷകളെയും കൈവിട്ട് ജീവിക്കുകയാണ് ഇരുവരും.