അമ്പലവയല്‍: കാരാപ്പുഴ അണക്കെട്ടില്‍നിന്ന് വെള്ളം ഒഴുക്കിവിടുന്ന കനാലിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങി. കാരാപ്പുഴയില്‍നിന്ന് ജലവിതരണത്തിനുള്ള കനാലിന്റെ ആരംഭഭാഗത്താണ് നവീകരണം നടക്കുന്നത്. ജലസേചന വകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ് ആദ്യഘട്ടത്തില്‍ 700 മീറ്റര്‍ ദൂരം പുതുക്കിപ്പണിയുന്നത്.

കനാലിന്റെ അടിത്തട്ടിലെ മണ്ണ് നീക്കംചെയ്ത് കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. മുന്‍പ് കോണ്‍ക്രീറ്റ് ഇല്ലാതിരുന്ന ഈ ഭാഗത്ത് വെള്ളം വാര്‍ന്നുപോകുന്നത് തടയാനാണ് ഈ പ്രവൃത്തി.

അണക്കെട്ടില്‍നിന്ന് കൃഷിയാവശ്യങ്ങള്‍ക്കായി പലഭാഗത്തേക്ക് തുറന്നുവിടുന്ന വെള്ളത്തിന്റെ നല്ലൊരു പങ്ക് ഇതിലൂടെ പാഴാകുകയായിരുന്നു. കനാല്‍ പുതുക്കിപ്പണിയുന്നതോടെ അമ്പലവയല്‍, മീനങ്ങാടി പഞ്ചായത്തുകളിലേക്കുളള ജലവിതണം സുഗമമാകും. വെള്ളം വാര്‍ന്നുപോകുന്ന പ്രദേശങ്ങളില്‍ കവുങ്ങടക്കമുള്ള കൃഷികള്‍ക്ക് ദോഷമായിരുന്നു. നനവ് കൂടിയതുമൂലം കൃഷികള്‍ ചീഞ്ഞുപോകുന്ന സ്ഥിതിയുണ്ടായിരുന്നു. ഇപ്പോള്‍നടക്കുന്ന പണി ഇവയ്‌ക്കെല്ലാം പരിഹാരമുണ്ടാക്കും.