വെള്ളമുണ്ട: മണ്ണിലിറങ്ങാന്‍ മടിക്കുന്ന പുതുതലമുറകള്‍ക്കും കൃഷിഭൂമി തരിശിട്ട് മറ്റു തൊഴില്‍ തേടി പോകുന്ന കര്‍ഷകരും കണ്ടു പഠിക്കണം ഈ സമര്‍പ്പണം. തൊണ്ടര്‍നാട് പഞ്ചായത്തിലെ കരിമ്പില്‍താഴെ എടച്ചേരിയിലെ കുഞ്ഞിരാമന്‍ പുഷ്പ ദമ്പതിമാരുടെ ജീവിതമാണ് പച്ചപ്പ് കൊണ്ട് സമൃദ്ധമാകുന്നത്. ഒരുകാലത്ത്് തെരുവ് പുല്ലുകള്‍ മാത്രം നിറഞ്ഞ മൊട്ടക്കുന്നുകളെ പാട്ടത്തിനെടുത്താണ് ഇവര്‍ പച്ചപ്പണിയിക്കുന്നത്.
 
വാഴയും പയറും ഇഞ്ചിയുമെല്ലാം വിളയുന്ന തോട്ടങ്ങളുടെ തണലിലാണ് ഈ ആദിവാസി കുടുംബത്തിന്റെ ജീവിതം. ഭിന്നശേഷിക്കാരാനായ കുഞ്ഞിരാമന്റെ കൃഷി ആവേശത്തിന് പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്പളക്കാട് ആനേരിയില്‍നിന്ന് പുഷ്പയും കൂട്ടായെത്തിയതോടെയാണ് കൃഷി വിപുലമായത്. സ്വന്തമായി ഒരേക്കര്‍ സ്ഥലം മാത്രമാണുള്ളത്. ഇതിലൊന്നും ഒതുങ്ങിയില്ല മോഹങ്ങള്‍. സമീപത്തുള്ള മൊട്ടക്കുന്ന് വര്‍ഷത്തില്‍ ഏക്കറിന് ഏഴായിരത്തോളം രൂപ പാട്ടം നല്‍കി ഇവര്‍ കൃഷി ചെയ്യാനിറങ്ങി. ഇപ്പോള്‍ മൂന്നേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്നു.

കരവാഴക്കൃഷി ഒരു വിജയഗാഥ

മൂവായിരത്തോളം കരവാഴയും ഒരേക്കറോളം ഇഞ്ചിയും ആയിരം ചുവട് പയറും പാവലും ഇപ്പോഴുണ്ട്. അതിരാവിലെ മുതല്‍ നേരമിരുട്ടുന്നതുവരെ കൃഷിയിടത്തിലേക്ക് ഇവര്‍ ജീവിതം പറിച്ചു നട്ടപ്പോള്‍ അത് നാടിനും വേറിട്ടൊരു കാഴ്ചയായി.

സ്വന്തം കൃഷിയിടത്തില്‍ മുഴുവന്‍ സമയം ചെലവഴിക്കേണ്ടി വരുന്നതിനാല്‍ ഇവര്‍ക്ക് മറ്റ് തൊഴിലിന്റെ ആവശ്യമില്ല. തൊഴിലുറപ്പ് പദ്ധതിയിലും ഇവര്‍ അംഗങ്ങളല്ല. കൃഷി ചെയ്യാന്‍ മനസ്സുണ്ടെങ്കില്‍ എന്തിന് വേറെ ജോലിക്ക് പോകണം എന്നാണ് ഇവരുടെ ചോദ്യം. കൃഷിക്ക് മുടക്കമില്ലെങ്കില്‍ കരവാഴക്കൃഷിയില്‍നിന്ന് വര്‍ഷത്തില്‍ നാലരലക്ഷം രൂപയോളം വരുമാനം ഉണ്ടാക്കാം. ജന്മനാ കേള്‍വിക്കുറവും സംസാര വൈകല്യവുമുള്ള കുഞ്ഞിരാമന് നേരത്തെ പ്രദേശത്ത് തന്നെയുള്ള തേയിലത്തോട്ടത്തില്‍ പണിയുണ്ടായിരുന്നു. കല്യാണം കഴിഞ്ഞതിന് ശേഷം സ്വന്തമായി തൊഴില്‍ കണ്ടെത്തി കുടുംബത്തെ പോറ്റണമെന്ന തീരുമാനമെടുത്തു. ചെറുപ്പം മുതലേ കൃഷിയുടെ പാഠങ്ങളെല്ലാം നോക്കി മനസ്സിലാക്കിയ കുഞ്ഞിരാമന്‍ മുഴുവന്‍ സമയ കര്‍ഷകനായത് അങ്ങനെയാണ്.

കൃഷി തന്നെ ജീവിതം

ഒരു കിലോമീറ്ററോളം അകലെനിന്ന് വെള്ളം കുന്നിന് മുകളിലെത്തിച്ചാണ് ഇവര്‍ വാഴയും പയറുമെല്ലാം നനയ്ക്കുന്നത്. പണിക്ക് മറ്റാരെയും വിളിക്കാറില്ല. എല്ലാം സ്വന്തമായി ചെയ്യുന്നു. മനസ്സറിഞ്ഞ് പണിയെടുത്താല്‍ മണ്ണു ചതിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. തൊണ്ടര്‍നാട് കൃഷിഭവന്‍ അധികൃതരും ഇപ്പോള്‍ പിന്തുണയുമായെത്തി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി കൈവല്യ പദ്ധതയില്‍നിന്ന് ഒരു പശുവും തൊഴുത്തും ലഭിച്ചു.

പ്രതികൂലമായ കാലാവസ്ഥയും സാമ്പത്തികമായ അസ്ഥിരതകളും വെല്ലുവിളിയായി പലതവണയെത്തിയെങ്കിലും അതിലൊന്നും പതറാതെ കൃഷിയുമായിത്തന്നെ മുന്നോട്ടു പോവുകയായിരുന്നു ഈ കുടുംബം. തൊണ്ടര്‍നാട്ടില്‍ വിപുലമായ കരവാഴക്കൃഷി പരിചയപ്പെടുത്തിയതും ഇവര്‍ തന്നെ. മഴക്കാലത്തുള്ള വാഴക്കൃഷിയേക്കാള്‍ വെല്ലുവിളി നിറഞ്ഞതാണ് വേനല്‍ക്കാലത്ത് കുലയ്ക്കുന്ന കരവാഴക്കൃഷി. നോട്ടം തെറ്റിയാല്‍ പണിയെടുത്തതെല്ലാം പാഴാവും. കുല വെട്ടുന്നതുവരെ ഈ തോട്ടത്തില്‍ നിന്ന് മാറാനാവില്ല.

കുന്നിനുമുകളില്‍ വിരിയുന്ന കതിരുകള്‍

പയര്‍കൃഷികൂടി വിപുലമാക്കിയതോടെ വേനല്‍ മുഴുവനും കുന്നിന്‍ മുകളിലായി ജീവിതം. പാട്ടം ഇനത്തില്‍ത്തന്നെ പ്രതിവര്‍ഷം ഇരുപതിനായിരത്തോളം രൂപ വേണം. കൃഷിക്കും വളത്തിനുമെല്ലാം അതിലും എത്രയോ ഇരട്ടിയും. ഒരോ വര്‍ഷവും ലഭിക്കുന്ന തുക കരുതിവെച്ചാണ് ഇതെല്ലാം നിറവേറ്റുന്നത്. ബാങ്കില്‍നിന്ന് അറുപതിനായിരത്തോളം രൂപ ലോണുമെടുത്തു.

ഇതെല്ലാം നിശ്ചിത കാലാവധിക്ക് മുമ്പേ തന്നെ കൃഷിയില്‍നിന്ന് ആദായം കിട്ടുമ്പോള്‍ തിരിച്ചടയ്ക്കും. തൊണ്ടര്‍നാട് എം.റ്റി.ഡി.എം. ഹൈസ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥിനിയായ അഞ്ജനയും കരിമ്പില്‍ സ്‌കൂളില്‍ നാലാം തരത്തില്‍ പഠിക്കുന്ന അജിനുമാണ് ഇവരുടെ മക്കള്‍. ഇപ്പോഴുള്ള ചെറിയ വീട് മാറ്റി പുതിയൊരു വീട് പണിയണമെന്നാണ് ഈ കര്‍ഷക കുടുംബത്തിന്റെ ഇപ്പോഴത്തെ ആഗ്രഹം.