കല്പറ്റ: വെള്ളിയാഴ്ച വിവിധ പരിപാടികളോടെ ലോക എയ്ഡസ് ദിനം ആചരിക്കുമെന്ന് ആരോഗ്യ വകുപ്പധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ ഒന്‍പതുമണിക്ക് മുനിസിപ്പല്‍ ഓഫീസ് പരിസരത്തുനിന്ന് ആരംഭിക്കുന്ന ബോധവത്കരണ റാലി പുതിയ ബസ്സ്റ്റാന്‍ഡില്‍ സമാപിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബാ മൊയ്തീന്‍കുട്ടി റാലി ഫ്‌ലാഗ് ഓഫ് ചെയ്യും. 10 മണിക്ക് പുതിയ ബസ്റ്റാന്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ എസ്. സുഹാസ് മുഖ്യപ്രഭാഷണം നടത്തും. എ.എസ്.പി. ചൈത്ര തെരേസ ജോണ്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജിതേഷ് വിഷയം അവതരിപ്പിക്കും.

രോഗികള്‍ കുറവ് വയനാട്ടില്‍

*15 വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ കേരളത്തില്‍ ഏറ്റവും കുറവ് എച്ച്.ഐ.വി. ബാധിതരുള്ളത് വയനാട്ടിലാണ്. 283 പേര്‍. കൂടുതല്‍ പേരുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 5836 പേര്‍.

*എന്റെ ആരോഗ്യം എന്റെ അവകാശം എന്ന സന്ദേശത്തോടെയാണ് ഈ വര്‍ഷം ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്നത്. 2005 മുതല്‍ 2017 വരെയുള്ള സ്ഥിതി വിവരക്കണക്കുകള്‍ പരിശോധിച്ചാല്‍ ഓരോവര്‍ഷം കഴിയുന്തോറും േകരളത്തില്‍ എച്ച്.ഐ.വി. അണുബാധിതരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

*2005-ല്‍ 2627 എച്ച്.ഐ.വി. കേസാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഈ വര്‍ഷം അത് 1071 ആയി കുറഞ്ഞു.

* 2020 ആകുമ്പോഴേക്കും അമ്മമാരില്‍ നിന്ന് കുഞ്ഞുങ്ങളിലേക്കുള്ള അണുബാധ തടയുകയാണ് ലക്ഷ്യം. 15 വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ രണ്ട് ഗര്‍ഭിണികള്‍ക്കാണ് എച്ച്.ഐ.വി. ബാധ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, മാറുന്ന ജീവിതസാഹചര്യങ്ങളില്‍ എച്ച്.ഐ.വി. ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

*സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, രക്തം സ്വീകരിക്കല്‍ എന്നിവയിലൂടെയാണ് പ്രധാനമായും എച്ച്.ഐ.വി. പിടിപെടുന്നത്. മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ വൈറസകളുടെ വ്യാപനം പൂര്‍ണമായും തടയാന്‍ സാധിക്കും.

* ആന്റി റിട്രോവൈറല്‍ ട്രീറ്റുമെന്റ് വഴി എച്ച്.ഐ.വി.അണുബാധിതരുടെ ആരോഗ്യം വീണ്ടെടുത്ത് സാധാരണ ജീവിതം വീണ്ടെടുക്കാന്‍ കഴിയും.

* ജില്ലയില്‍ മാനന്തവാടി, ജില്ലാ ആസ്​പത്രി, ബത്തേരി താലൂക്ക് ആസ്​പത്രി, കല്പറ്റ ജനറല്‍ ആസ്​പത്രി, മീനങ്ങാടി സി.എച്ച്.സി. എന്നിവിടങ്ങളില്‍ എച്ച്.ഐ.വി. ബാധിതര്‍ക്ക് പരിശോധനാ കേന്ദ്രങ്ങളുണ്ട്. എഫ്.ഐ.സി.ടി.സി. കേന്ദ്രങ്ങളുമുണ്ട്. പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ഡോ. പി. ജയേഷ്, ജില്ലാ അര്‍ബണ്‍ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. കെ.എസ്. അജയന്‍, ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസര്‍ കെ. ഇബ്രാഹിം തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.