മാനന്തവാടി : 15 വര്‍ഷത്തേക്കുള്ള റോഡ് നികുതി ഒരുമിച്ചടക്കണമെന്ന വ്യവസ്ഥ ടാക്‌സി ഉടമകളെ പ്രയാസത്തിലാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതിയാണ് നൂറ് കണക്കിന് ടൂറിസ്റ്റ് ടാക്‌സി ഉടമകള്‍ക്ക് തിരിച്ചടിയാവുന്നത്. പുതിയ നിയമ ഭേദഗതി പ്രകാരം ഭീമമായ തുകയാണ് ടൂറിസ്റ്റ് ടാക്‌സി ഉടമകള്‍ നികുതിയായി അടയ്‌ക്കേണ്ടി വരുന്നത്.

നിലവില്‍ അഞ്ച് വര്‍ഷത്തേക്കുള്ള നികുതിയാണ് ടൂറിസ്റ്റ് ടാക്‌സികള്‍ അടച്ചു കൊണ്ടിരുന്നത്. പുതിയ നിയമപ്രകാരം 15 വര്‍ഷത്തേക്കുള്ള നികുതി മുന്‍കൂറായി അടച്ചാല്‍ മാത്രമെ ടാക്‌സി പെര്‍മിറ്റ് ലഭിക്കൂ. സാധാരണ ടാക്‌സി കാറുകള്‍ക്ക് പോലും 45,000 രൂപയോളം നികുതി അടയ്‌ക്കേണ്ടി വരുമെന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു. ഇതിനു പുറമെ പ്രതിവര്‍ഷം ഇന്‍ഷുറന്‍സ് തുകയായി 30000 രൂപയിലധികവും അടയ്ക്കണം. വില കൂടിയ വാഹനങ്ങള്‍ ഉപയോഗിച്ച് ടാക്‌സി ഓടുന്നവര്‍ക്ക് ഇതിലും കൂടുതല്‍ തുക അടയ്‌ക്കേണ്ടി വരും.

2016- ല്‍ പുതിയ നാലു ചക്ര ഓട്ടോറിക്ഷ വാങ്ങി അഞ്ചു വര്‍ഷത്തേക്ക് നികുതിയടച്ച ഡ്രൈവര്‍ക്ക് വീണ്ടും പത്തു വര്‍ഷത്തേക്ക് നികുതിയടക്കണമെന്ന് കാണിച്ച് നോട്ടീസ് വന്നിട്ടുണ്ട്. വാഹനത്തിന്റെ റോഡു നികുതിയുടെ കാലാവധി 2021 വരെയുണ്ടെങ്കിലും ബാക്കി തുക അടച്ചില്ലെങ്കില്‍ വാഹനം നിരത്തിലിറക്കാനാവത്ത സാഹചര്യമാണുള്ളത്.

കള്ളടാക്‌സികള്‍ പെരുകി ടൂറിസ്റ്റ് ടാക്‌സി വ്യവസായത്തിന് തിരിച്ചടിയാകുന്ന സമയത്ത് തന്നെയാണ് റോഡ് നികുതി ഒന്നായി അടയ്ക്കണമെന്ന നിയമവും വന്നത്. നോട്ടു നിരോധനം, ജി.എസ്.ടി. തുടങ്ങിയ മൂലം പ്രതിസന്ധിയിലായവര്‍ക്ക് ഇരുട്ടടിയാണ് പുതിയ നിയമം.

നാലു ചക്ര ഓട്ടോറിക്ഷകള്‍ക്ക് 15 വര്‍ഷത്തേക്ക് നികുതിയിനത്തില്‍ മാത്രം 15000 ത്തോളം രൂപ അടയ്‌ക്കേണ്ട സ്ഥിതിയാണ്. ഇതിനു പുറമെ പ്രതിവര്‍ഷം ഇന്‍ഷുറന്‍സിന് 19000 രൂപയോളവും അടയ്ക്കണം.

ടൂറിസ്റ്റ് ടാക്‌സി വ്യവസായം ഇല്ലാതാവുമെന്ന് ഡ്രൈവര്‍മാര്‍


വാഹനത്തിന്റെ വില കൂടുന്നതിനനുസരിച്ച് നികുതിയില്‍ വന്‍ വര്‍ധനവാണുള്ളത്. നികുതിക്കൊപ്പം ഇന്‍ഷുറന്‍സ് പ്രീമിയവും അടയ്‌ക്കേണ്ടി വരുന്നത് ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക് കനത്ത പ്രഹരമാണ്. വ്യാജ ടാക്‌സികള്‍ക്കും പുറമെ ടാക്‌സികള്‍ പെരുകുന്നതും, സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനയും ടൂറിസ്റ്റ് ടാക്‌സി മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. അതിനിടയിലാണ് ടാക്‌സ്, ഇന്‍ഷുറന്‍സ് എന്നിവയിലും വന്‍ വര്‍ധന ഉണ്ടായിട്ടുള്ളത്. രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് മോട്ടോര്‍ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ സമഗ്രമാറ്റം നടപ്പാക്കുന്നത്. എന്നാല്‍ പുതിയ നിയമ ഭേദഗതി ടൂറിസ്റ്റ് ടാക്‌സി വ്യവസായത്തെ ഇല്ലാതാക്കുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.